വിഷു ഓര്‍മ്മകള്‍ക്ക് കണിക്കൊന്നയുടെ മനോഹാരിത

ഷമിത സി പി

വിഷു ഓര്‍മ്മകള്‍ക്ക് എന്നും കണിക്കൊന്നയുടെ മനോഹാരിതയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ പെയ്യുന്ന വേനല്‍ മഴയുടെ കുളിരാണ് എന്നും ആ ഓര്‍മ്മകള്‍ക്ക്. അന്നൊന്നും അറിഞ്ഞിരുന്നില്ല കൈനീട്ടമായി വാങ്ങി വച്ചിരുന്ന നാണയതുട്ടുകളും, വിഷുവിനു കിട്ടിയിരുന്ന കോടി വസ്ത്രങ്ങളും ഒക്കെ ഇത്രയും മധുരതരം ആയിരുന്നു എന്ന്. അന്നൊക്കെ കമ്പിപൂത്തിരിയും, ഓലപടക്കവും ഒക്കെ കത്തിച്ചു തീര്‍ക്കാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു. അധികം കത്തിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ചീത്ത പറയാറുണ്ട് ഒന്ന് നിര്‍ത്തുമോ എന്ന് ചോദിച്ചിട്ട്, അപ്പോഴോക്കെ മനസ്സില്‍ പറയാറ് ഉണ്ട് ഞാനും ഒന്ന് വലുത് ആവട്ടെ എന്ന്. പക്ഷെ ഇന്ന് വലുതായിട്ടും ഒരു പടക്കക്കട മൊത്തം വാങ്ങാന്‍ ആവത് ഉണ്ടായിട്ടും ഒന്നും വേണ്ടാതെ ആയിരിക്കുന്നു. വേനലവധിക്ക് കസിന്‍സ് എല്ലാവരും തറവാട്ടില്‍ ഉണ്ടാകുന്നത് കൊണ്ട് ആകെ കൂടി ഉത്സവ പ്രതീതി ആയിരുന്നു എന്നും വിഷുകാലങ്ങളില്‍. തൊടിയിലെ മാവിന്റെ കൊമ്പില്‍ കെട്ടി വച്ചിരിക്കുന്ന ഊഞ്ഞാല്‍ ഇന്നും മനസ്സിന്റെ ഓര്‍മ്മതോട്ടത്തില്‍ ഇരുന്ന് ഉയരത്തില്‍ ആടി കൊണ്ടേ ഇരിക്കുന്നു. എന്നും അങ്ങിനെ ആണ് എന്തു അനുഭവിക്കുമ്പോള്‍ അതിന്റെ സുഖം അറിയില്ല, കാലങ്ങള്‍ക്ക് ഇപ്പുറം ഇരുന്ന് ഇനി ഒരു ബാല്യം തിരിച്ചു വരാന്‍ ഇല്ല എന്ന് നല്ല ബോധ്യം വരുമ്പോള്‍ മാത്രം ആണ് അന്ന് അനുഭവിച്ചതും കടന്നു വന്നതും ഒരു മനോഹരമായ വിഷുക്കണി പോലെ അകക്കണ്ണില്‍ തെളിയുക.അത് കൊണ്ട് തന്നെ ആണല്ലോ ഓര്‍മ്മകള്‍ക്ക് എന്നും എന്തൊരു സുഗന്ധം എന്ന് ഒക്കെ പാടാന്‍ ആള് ഉണ്ടാവുന്നതും.