രണ്ടു വിഷു കവിതകള്‍

രതി കണിയാരത്ത്

അറിയില്ലൊന്നും

പൂവിട്ട കൊന്നതന്‍
ചില്ലക്കറിയില്ല
പൂക്കാത്ത കൊമ്പിന്റെ നൊമ്പരങ്ങള്‍
പാടുന്ന ശ്രുതിയിലുള്ള
വീണക്കറിയില്ല
പാടാത്ത വീണതന്‍
മര്‍മ്മരങ്ങള്‍
മണമുള്ള പൂക്കള്‍ തന്‍
ഇതളുകള്‍ക്കറിയില്ല
വിടരാത്ത പൂവിന്റെ
വേദനകള്‍
നിറമുള്ള സ്വപ്‌നങ്ങള്‍
തേടിപ്പറന്ന നീ….
അറിയാനിടയില്ലീ
നഷ്ട സ്വപ്‌നം.

കര്‍ണ്ണികാരം

വീണ്ടുമൊരു വിഷുക്കാലം
കര്‍ണ്ണികാര പൂക്കാലം
കനിവെള്ളരിയും നവധാന്യവുമായ്
കണികാണും വിഷുക്കാലം
പുത്തന്‍കലവും പുതു പുടവയുമായ്
അങ്ങാടി നിറഞ്ഞപ്പോള്‍
കൈനീട്ടം വാങ്ങാനായ്
മേട വിഷുവന്നെത്തി
സമരാത്ര ദിനങ്ങളുമായ്
കര്‍ഷകവര്‍ഷാരംഭം
നരകാസുരവധമോതി
ഐതീഹ്യപെരുമകളും
ചക്കക്കുപ്പുണ്ടോ ചൊല്ലി
വിഷുപ്പക്ഷി പാടുന്നു
നക്ഷത്ര പ്രഭചിതറും പടക്കങ്ങള്‍ മുഴുങ്ങുന്നു
വേനല്‍ തന്‍ വറുതിയിലും
കണിക്കൊന്ന തട്ടാനായി
ചുടുവെയിലിനെ പൊന്‍പൂവായ് പണിയിക്കും തിരക്കിലാ
നന്മയുടെ സന്ദേശം കണിക്കൊന്ന ജീവിതമായ്
ഇലയില്ലാക്കൊമ്പത്തും ചിരിതൂകും പൂക്കാലം
വീണ്ടുമൊരു
വിഷുക്കാലം
കര്‍ണ്ണികാര പൂക്കാലം.