മാതൃ ദേവോ ഭവ:

Author image

പ്രിയാരാജ്

(എഴുത്തുകാരി )

‘മാതാ പിതാ ഗുരു ദൈവം’ എന്ന ചൊല്ലില്‍ പോലും പ്രഥമ സ്ഥാനം അലങ്കരിച്ച നാമം, കാലചക്രം തിരിഞ്ഞ് ഇന്നീ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍, സ്ഥാനവും മാനവും നഷ്ടപ്പെട്ട് നാലാം സ്ഥാനീയനായ ദൈവത്തിന്റെ കുടിയിരിപ്പ് സ്ഥാനങ്ങളിലേക്ക് നട തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ശിഷ്ടകാലം പല അമ്മമാരും ആ നടയില്‍ അഭയം കണ്ടെത്തുന്ന കാര്യം ഇന്ന് തെല്ലും പുതുമയില്ലാത്ത വാര്‍ത്താ ശകലം മാത്രമാണ്. അല്ലെങ്കില്‍ നേരം പോക്കിനിടയില്‍, പല പല ദൃശ്യങ്ങള്‍ക്കിടയില്‍ കണ്ണുടക്കുന്ന കാമറകാഴ്ച മാത്രമാണ്.

മാതൃവചനം ഈശ്വര വചനമായി കരുതിയിരുന്ന ഒരു സംസ്‌കാരത്തില്‍ നിന്നും, ആ വാക്കുകളെ ചെവിക്കുടയ്ക്ക് പുറത്തു തന്നെ തടഞ്ഞു നിര്‍ത്തി പുതിയ സാംസ്‌കാരിക പാതയിലൂടെയുള്ള പ്രയാണത്തിലാണ് നാം. തൃണവല്‍ക്കരിച്ച വാഗ്‌ധോരണികളെ ചവിട്ടി മെതിച്ചു കുതിക്കുമ്പോള്‍ ഒരു വേള ശ്രവിച്ചാല്‍ കേള്‍ക്കാം, ആധിയും, കരുതലും, ഉത്കണ്ഠയും ഉച്ചസ്ഥായിയിലാക്കിയ ഹൃദയമിടിപ്പുകളെ! വ്യഥ, വിയര്‍പ്പും കണ്ണീര്‍ചാലുകളും കീറിയ മുഖങ്ങളെ. പരിചിതവും അപരിചിതവുമായ ആ മുഖങ്ങളിലെല്ലാം ഒരേ താളം തുടി കൊട്ടുന്ന മനസ്സിന്റെ പ്രതിഫലനം കാണാം.അതേ… അമ്മ മനസ്സിന്റെ പ്രതിഫലനം!

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാത്രം സ്‌നേഹിക്കപ്പെടേണ്ട, ഓര്‍മിക്കപ്പെടേണ്ട ഒന്നാവരുത് മാതാവും മാതൃസ്‌നേഹവും. ദൈനം ദിന ഓട്ടത്തിനിടയില്‍ ഉച്ചരിക്കാന്‍ പോലും മെനക്കിടാത്ത നാമധേയത്തോടൊപ്പം സെല്‍ഫികള്‍ നിരത്തി അപ്ഡേറ്റ് ചെയ്യപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ പ്രൊഫൈല്‍ പേജും സ്റ്റാറ്റസും അല്ല അമ്മമാര്‍ക്കാവശ്യം. നമ്മുടെ കരുതലിനാല്‍, വാക്കിനാല്‍, നോക്കിനാല്‍, ചെയ്തികളാല്‍ മനം നിറഞ് പുതുജീവന്‍ സ്ഫുരിക്കുന്ന കണ്ണുകളാല്‍ നമ്മെ കാത്തിരിക്കുന്ന, അവരുടെ ഹൃദയം നിറഞ്ഞ ചിരി ഒളി വിതറുന്ന സ്വര്‍ഗമാകട്ടെ നമ്മുടെ വീടുകളും നാടും.
മാതൃദിനം മക്കളാല്‍, സമൂഹത്താല്‍ അവഗണിക്കപ്പെട്ട, പരിത്യജിക്കപ്പെട്ട അമ്മമാരുടെത് മാത്രമല്ല. ജീവിത യാത്രയില്‍ പാതി വഴിയില്‍ വീണുപോയ സഹയാത്രികന്റെ കൂടി കടമകള്‍ ചുമലിലേറ്റി ഒറ്റപ്പെട്ട് ഇന്നിവിടം വരെയെത്തിയതിന്റെ കിതപ്പ് മാറാത്ത ഒരു വിഭാഗം യൗവനങ്ങളുടെത് കൂടിയാണ്.ഇനി വീണ്ടും നടന്നെത്തേണ്ട ദൂരത്തേക്ക് ആധിയോടെ നോട്ടമെറിയുന്ന ആ അമ്മ മനസ്സുകളുടെ വേപഥു, നാമുള്‍പ്പെടുന്ന യുവത്വം തോളോട് ചേര്‍ത്ത് പിടിച്ച് നല്‍കുന്ന സാന്ത്വനത്തില്‍, തങ്ങള്‍ക്ക് ആരെല്ലാമോ ഉണ്ടെന്ന തോന്നലില്‍ ഇനിയുള്ള ദൂരം ആയാസരഹിതമായി നടന്നു തീര്‍ക്കാന്‍ ഉതകും. തീര്‍ച്ച.

ഈ കഴിഞ്ഞ എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ മകള്‍ നേടിയ വളരെ മികച്ച വിജയം എന്നോട് പങ്കിടവേ പരിചയക്കാരിയും യുവതിയുമായ അമ്മയുടെ കണ്ണുകള്‍ പല തവണ നിറഞ്ഞു. ജീവിത യാത്രയില്‍ ഒറ്റപ്പെട്ടിട്ട് പത്തു വര്‍ഷമായി. സര്‍ക്കാര്‍ ജോലി ജീവിതത്തിന് സാമ്പത്തിക ഭദ്രതയേകുന്നെങ്കിലും മക്കളുടെ ഭാവികാര്യങ്ങളിലെ പങ്കാളിത്ത തീരുമാനത്തിന്റെ അഭാവം കുഴക്കുന്ന ചില വേളകളെ പറ്റി വാചാലയായി.

അവരുടെ സുഖസുഖങ്ങളും ഇഷ്ട്ടാനിഷ്ടങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്തു നിറവേറ്റി, പിരിമുറുക്കവും ഉല്‍കണ്ഠയും നശിപ്പിക്കുന്ന സ്വന്തം ആരോഗ്യത്തെ കാക്കാന്‍ താനിത്രനാള്‍ പരിപാലിച്ച മക്കള്‍ പോലുമുണ്ടാവില്ലെന്ന ചില നേര്‍കാഴ്ചകളിലെ അറിവ് നല്‍കുന്ന നിരാശ എല്ലാം പ്രകടമായിരുന്നു അവരുടെ വാക്കുകളിലും ഇടയ്ക്കിടെ ഒപ്പിയെടുക്കുന്ന കണ്ണുകളിലും.