മാതൃത്വം വാക്കുകള്‍ക്ക് അതീതമായ അനുഭൂതി. ഏതൊരു പാവം പെണ്ണും ഉശിരുള്ള പോരാളിയെ പോലെ എന്തും നേരിടാന്‍ തയ്യാറായി ആരോട് വേണമെങ്കിലും പൊരുതാന്‍ തയ്യാറായും ഒക്കെ രൂപമാറ്റം പ്രാപിക്കുന്നത് അവള് ഒരു അമ്മയായതിന് ശേഷം മക്കളുടെ കാര്യം വരുമ്പോള്‍ ആണ്. മനുഷ്യരില്‍ മാത്രം അല്ല എല്ലാ ജീവികളും അങ്ങിനെ തന്നെ ആണ്. തന്നെക്കാളും എത്രയോ ഇരട്ടി ശക്തിയും വലുപ്പവും ഉള്ള എതിരാളി ആയാലും തന്റെ കുഞ്ഞിന് ഒരു ആപത്ത് വരും എന്ന് കണ്ടാല്‍ അതിനെ ചെറുക്കാന്‍ അവ ആര്‍ജ്ജിക്കുന്ന ധൈര്യവും കരുത്തും ഒന്ന് വേറെ തന്നെ ആണ്. അമ്മയായ ഏതൊരു പെണ്ണിനും അറിയാം അമ്മ ആയതിനു ശേഷം എത്ര അത്ഭുതപ്പെട്ടിട്ടുണ്ട് കുഞ്ഞിനെ പരിപാലിക്കുക എന്നത് ഇത്രയും വിഷമം പിടിച്ച ജോലി ആയിരുന്നിട്ടും ഇന്നേ വരെ ഒരു അമ്മയുടെയും മുഖത്തിലോ പെരുമാറ്റത്തിലോ അത് ഒരിക്കല്‍ പോലും പ്രകടമായി കണ്ടിട്ടില്ലല്ലോ എന്ന്. എപ്പോഴും ഒരു അമ്മ ആയതിനു ശേഷം എല്ലാ പെണ്മക്കള്ക്കും സ്വന്തം അമ്മയോട് അന്ന് വരെ ഉള്ളതിലും എത്രയോ ഇരട്ടി സ്നേഹം കൂടുതല്‍ ആയിരിക്കും എന്നുള്ളതും ഒരു സത്യം ആണ്.
ഇന്ന് പക്ഷെ മാതൃദിനത്തില്‍ സ്വന്തം അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനൊ അവരുടെ സുഖവിവരം അന്വേഷിക്കുകയോ ചെയ്യാതെ ഓണ്‍ലൈന്‍ ആയി അത് പ്രകടിപ്പിച്ചു കിട്ടുന്ന ലൈക്കും എണ്ണി അമ്മയോട് ഉള്ള സ്നേഹം നാട്ടുകാരെ ബോധ്യപ്പെടുത്തി സംതൃപ്തി അടയുന്ന മക്കള്‍ ആണ് കൂടുതലും. ഒരു കാര്യം മാത്രമേ നമ്മള് ചെയ്യേണ്ടത് ഉള്ളു. സ്വന്തം ഇഷ്ടങ്ങള്‍ എല്ലാം മാറ്റി വച്ചു തന്റെ കുടുംബത്തിന് വേണ്ടി ഒരു പരാതിപോലും പറയാതെ ജീവിക്കുന്ന അവരോട് വല്ലപ്പോഴും അവരുടെ ഇഷ്ടങ്ങള്‍ ചോദിച്ചു അറിയാന്‍ ശ്രെമിക്കുക.പറ്റുമെങ്കില്‍ അത് നടത്തി കൊടുക്കുക. ഒരമ്മക്കും ഒരിക്കലും വലിയ ചെലവ് ഉള്ള ഇഷ്ടങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഒരു കടലമുട്ടായി കഴിക്കാനൊ ചൂട് നിലക്കടല കഴിക്കാനൊ അതും അല്ലെങ്കില്‍ അവര്‍ക്ക് പറയാന്‍ ഉള്ളത് കേള്‍ക്കാന്‍ മക്കളുടെ അല്പം സമയമോ ആയിരിക്കും. ആഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലോ അവര്ക്ക്ആയി അല്പം സമയം കണ്ടെത്തുക. നമ്മള് എത്ര വൃത്തികെട്ടവര്‍ ആയാലും കൊള്ളരുതാത്തവര്‍ ആയാലും അളവറ്റ് നമ്മളെ സ്നേഹിക്കാന്‍ അതും തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ, അമ്മ മാത്രമേ ഉണ്ടാവു. ലോകത്ത് അവര്‍ക്ക് മാത്രമേ അതിനു കഴിയുക ഉള്ളു. മാതൃത്വം അത് അനുഭവിച്ചു തന്നെ അറിയുക.