ന്യൂസിലന്റില്‍ ഭീകരവാദി ആക്രമണം ഉണ്ടായതില്‍ പിന്നെ അവിടുത്തെ പ്രധാനമന്ത്രി പെരുമാറിയ രീതി ലോകത്തിന് മാതൃകയാവുകയാണ്. തീവ്രവാദത്തിന് ഇരയായായവരോടും മരിച്ചവരുടെ കുടുംബങ്ങളോടും സംവദിച്ച രീതി, തീവ്രവാദിയെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും തള്ളിപ്പറഞ്ഞ രീതി, ഉപയോഗിച്ച ഭാഷ, വസ്ത്രങ്ങള്‍ എല്ലാം തന്നെ ലോകം ശ്രദ്ധിച്ചു. ഇന്നവര്‍ പാര്‍ലിമെന്റില്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്. ആളുകളെ കൊല്ലുന്നതിലൂടെ കൊലയാളി തേടിയ ഒരു കാര്യം കുപ്രസിദ്ധി ആണ്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും അയാളുടെ പേര് അവര്‍ പറയില്ല എന്ന്. ഏറ്റവും ശരിയായതും ലോകം മാതൃകയാക്കേണ്ടതും ആയ ഒരു കാര്യമാണ് ഇത്. ലോകത്ത് പലയിടത്തും ഇരകളുടെ പേര് പറയരുത് എന്ന് നിയമം ഉണ്ടെങ്കിലും പ്രതികളുടെ പേര് എല്ലായിടത്തും പറയും, അവര്‍ക്കെങ്ങനെ വലിയ പ്രസിദ്ധി കിട്ടും. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രസിദ്ധി ഉപയോഗിച്ച് അവര്‍ പുസ്തകം എഴുതുകയും സിനിമയില്‍ അഭിനയിക്കുകയും വരെ ചെയ്യും. അമേരിക്കയില്‍ ഒക്കെ ഇപ്പോള്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിക്കുന്നതോടൊപ്പം ഈ കുറ്റകൃത്യത്തെ പറ്റി എഴുതിയോ കഥ മറ്റുള്ളവര്‍ക്ക് വിറ്റോ പണം ഉണ്ടാകരുതെന്ന് പോലും വിധിക്കേണ്ടി വരുന്നു. എന്തൊരു കഷ്ടമാണിത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ഉദാഹരണം ലോകം ശ്രദ്ധിക്കുമെന്ന് കരുതാം. ഇന്ത്യയിലും വന്‍ കുറ്റങ്ങള്‍ ചെയ്യുന്നവരെ നമുക്ക് പേരില്ലാതാക്കി തമസ്കരിക്കാം.