കണ്ണൂർ: എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ആരോഗ്യസംരക്ഷണം ലഭ്യമാകുമ്പോൾ മാത്രമേ ‘എല്ലാവർക്കും ആരോഗ്യം’ എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തിയാകുകയുള്ളൂ എന്ന ഏഷ്യൻ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ പ്രസിഡണ്ട് ഡോ. ടാമൊറിഷ് കോളി (ന്യൂ ഡൽഹി) അഭിപ്രായപ്പെട്ടു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന വൈദ്യസഹായം ലഭ്യമല്ലാത്ത കോടിക്കണക്കിന് മനുഷ്യർ രോഗാതുരരായി ജീവിക്കുന്ന സാഹചര്യത്തിൽ, രാഷ്ട്രങ്ങളും സമൂഹങ്ങളും പരസ്പര സഹായങ്ങളിലൂടെ സാധാരണക്കാരായ ആളുകൾക്ക് അടിയന്തിര ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കാനുള്ള കൂട്ടായ്മകൾ രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ ദിനത്തിൽ ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് ആന്റ് റിസർച്ച് ഓൺ ലൈഫ് സയൻസ് (ഐ ഡി ആർ എൽ) ഇന്ത്യ സംഘടിപ്പിച്ച പ്രമേയ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ഡി ആർ എൽ ഇന്ത്യ ചെയർമാൻ ഡോ സുൽഫിക്കർ അലി അധ്യക്ഷനായിരുന്നു.
“നല്ലതും ആരോഗ്യപൂർണവുമായ ലോകത്തിൻ്റെ പുനഃസൃഷ്ടിക്ക്”എന്ന പ്രമേയമാണ് ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം.
ഇംഗ്ലണ്ടിലെ ബ്രൈറ്റ് യൂണിവേഴ്സിറ്റിയിലെ വകുപ്പ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റിയാസ് അബ്ദുള്ള, മിസ് സവീറ്റ ഹരി (എൻ എച്ച് എസ്, യു കെ), മലബാർ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനുപ് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ വിവിധ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും സന്ദേശങ്ങൾ എത്തിച്ചു കൊടുത്തു.