വോട്ടുചേര്‍ക്കല്‍; കണ്ണൂരില്‍ പുതുതായി ലഭിച്ചത് 92,466 അപേക്ഷകള്‍

KOL NEWS DESK

  • കൂടുതല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ 10620
  • പ്രവാസി അപേക്ഷകള്‍ കൂടുതല്‍ കൂത്തുപറമ്പില്‍ 764

കണ്ണൂര്‍: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ ജില്ലയില്‍ ലഭിച്ചത് 92,466 പുതിയ അപേക്ഷകള്‍. 2018 നവംബര്‍ 16 മുതലുള്ള അപേക്ഷകരുടെ കണക്കാണിത്. മാര്‍ച്ച് 25നു മാത്രം ലഭിച്ചത് 8000ത്തോളം അപേക്ഷകളാണ്.ഇതില്‍ പുതുതായി പേരുചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ 88,708 ഉം പ്രവാസി വോട്ടറായി പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ 3,758ഉം ആണ്. പുതിയ അപേക്ഷകള്‍ ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം ജനറല്‍ വിഭാഗം അപേക്ഷകളില്‍ 42,547 എണ്ണം സ്വീകരിക്കുകയും 6,398 എണ്ണം വിവിധ കാരണങ്ങളാല്‍ തള്ളുകയും ചെയ്തു. പ്രവാസി അപേക്ഷകളില്‍ 623 എണ്ണം സ്വീകരിച്ചപ്പോള്‍ 295 എണ്ണം നിരസിക്കപ്പെട്ടു. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. പരിശോധനകള്‍ക്കു ശേഷം അര്‍ഹമായ അപേക്ഷകള്‍ കൂട്ടിച്ചേര്‍ത്ത് ഏപ്രില്‍ നാലോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറാവും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് 10,620 അപേക്ഷകള്‍. ഏറ്റവും കുറവ് പയ്യന്നൂര്‍ മണ്ഡലത്തിലാണ്. ഇവിടെ 6,552 അപേക്ഷകളാണ് ലഭിച്ചത്. പ്രവാസി വോട്ടര്‍മാരുടെ കൂടുതല്‍ അപേക്ഷകള്‍ കൂത്തുപറമ്പിലും (764), കുറവ് പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലുമാണ് (185 വീതം).

ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ പുതിയ അപേക്ഷകളുടെ എണ്ണം ജനറല്‍ വോട്ടര്‍മാരുടെയും പ്രവാസി വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍: പയ്യന്നൂര്‍ 6552, 185, കല്യാശ്ശേരി 7485, 286, തളിപ്പറമ്പ് 10620, 455 ഇരിക്കൂര്‍ 9014, 236, അഴീക്കോട് 8084, 377, കണ്ണൂര്‍ 7725, 386, ധര്‍മ്മടം 7982, 392, തലശ്ശേരി 7406, 259, കൂത്തുപറമ്പ് 7092, 764, മട്ടന്നൂര്‍ 9051, 233, പേരാവൂര്‍ 7697, 185.  പുതിയ അപേക്ഷകള്‍ പരിഗണിക്കാതെ ജില്ലയില്‍ ആകെ 18,91,492 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാര്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലും (1,92,699) കുറവ് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലുമാണ് (1,58,593).

Related Posts