ഞായറാഴ്ച വരെ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

KOL NEWS DESK

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച സംസ്ഥാനത്താകെ 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്കു സൂര്യാഘാതവുമുണ്ടായി. കൊല്ലം ജില്ലയില്‍ മാത്രം 19 പേര്‍ക്ക് കടുത്ത ചൂടില്‍ പൊള്ളലേറ്റു. കണ്ണൂരില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും സൂര്യാതപമേറ്റു. പാലക്കാട്, കൊല്ലം ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വരള്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ മൂന്നു സമിതികള്‍ നിലവില്‍വരും. കുടിവെള്ള വിതരണം ഉറപ്പാക്കാനും എല്ലാ കലക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്‍കി. കൊടുംചൂടും വരള്‍ച്ചയും സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനു ജില്ലാ കലക്ടര്‍മാര്‍ ചുമതലയെടുക്കണമെന്ന് ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണം, പകര്‍ച്ചവ്യാധി പ്രതിരോധം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുക എന്നിവയ്ക്കു മേല്‍നോട്ടം വഹിക്കാന്‍ മൂന്നു സമിതികള്‍ നിലവില്‍വരും. എല്ലാ കലക്ടറേറ്റുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. റവന്യുവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. കടുത്ത ചൂടില്‍ പൊള്ളലേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളും എല്ലാ താലൂക്കുകളിലും തയാറാക്കണം. അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തി. തൃശൂരില്‍ 40.4, പുനലൂരില്‍ 39.5 ,പാലക്കാട് 39.2 എന്നിങ്ങനെയാണ് ഉയര്‍ന്ന താപനില. രാത്രി താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് കോഴിക്കോടാണ് – 27 ഡിഗ്രി സെല്‍ഷ്യസ്. വ്യാഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്ന മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Related Posts