മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 20ന്

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

എം ബി ബി എസ്, ബി ഡി എസ് ഒഴികെയുള്ള മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 20ന് തിരുവനന്തപുരത്ത് നടത്തും. കഴിഞ്ഞ 16ാം തിയ്യതി പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റിനു ശേഷം ആയുര്‍വ്വേദ ( ബി എ എം എസ്), ഹോമിയോപ്പതി (ബി എച്ച് എം എസ്), സിദ്ധ, യൂനാനി, അഗ്രികള്‍ച്ചറല്‍, ഫോറസ്ട്രി, വെറ്റിനറി,ഫിഷറീസ് കോഴ്‌സുകളില്‍ ലഭ്യമാകുന്ന ഒഴിവിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

താത്പര്യമുള്ളവര്‍ 20ന് രാവിലെ പത്ത് മണിക്ക് കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററി(ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം)ല്‍ ടോക്കണ്‍ ഡെപ്പോസിറ്റ്, സ്‌പോട്ട് അഡ്മിഷനില്‍ ഹാജരാക്കേണ്ട എട്ടോളം രേഖകള്‍ എന്നിവ സഹിതം ഹാജരാവുക. കേരള മെഡിക്കല്‍ ആയുര്‍വ്വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എം ബി ബി എസ്, ബി ഡി എസ് അഡ്മിഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ അവരുടെ ഹോം പേജില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ സ്ലിപ്-സ്‌പോട്ട് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് 18ന് വൈകുന്നേരം ആറു മണി മുതല്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

സ്ലിപുമായി വരുന്നവരെ മാത്രമെ അലോട്ട്‌മെന്റില്‍ പരിഗണിക്കുകയുള്ളൂവെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഒരേ കോഴ്‌സിന് ഒരു സര്‍ക്കാര്‍/ എയ്ഡഡ് കോളെജില്‍ നിന്ന് മറ്റൊരു സര്‍ക്കാര്‍/എയ്ഡഡ് കോളെജിലേക്കോ ഒരു സ്വാശ്രയ കോളെജില്‍ നിന്ന് മറ്റൊരു സ്വാശ്രയ കോളെജിലേക്കോ സ്‌പോട്ട് അഡ്മിഷനില്‍ മാറ്റം അനുവദിക്കുന്നതല്ല.