കണ്ണൂരില്‍ സര്‍വീസ് വോട്ടര്‍ 6494

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി ജില്ലയില്‍ നിന്നുള്ള സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇത്തവണ ബാലറ്റുകള്‍ അയച്ചത് ഓണ്‍ലൈന്‍ വഴി. ഇതിനായി പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴി ചൊവ്വാഴ്ച മൂന്നു മണിയോടെയാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ബാലറ്റുകള്‍ അയച്ചത്. വിവിധ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് സര്‍വീസ് വോട്ടുകള്‍ ചെയ്യാന്‍ അവസരം.  ഇതുവരെ സര്‍വീസ് ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത കവര്‍, വോട്ട് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍, ഞാന്‍ ഇന്ന ബൂത്തിലെ ഇത്രാം നമ്പര്‍ വോട്ടറാണെന്നു കാണിക്കുന്ന സത്യപ്രസ്താവന, വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ തിരിച്ചയക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസറുടെ അഡ്രസ് പ്രിന്റ് ചെയ്ത സ്റ്റാമ്പോട്ടിച്ച കവര്‍ എന്നിവ വലിയ കവറിലാക്കി അയക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണയാണ് സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ ബാലറ്റ് സംവിധാനം നിലവില്‍ വന്നത്.  സര്‍വീസ് വോട്ടര്‍മാര്‍ സേവനം ചെയ്യുന്ന യൂനിറ്റ് മേധാവിക്കാണ് ഇവ ലഭിക്കുക. ബുധനാഴ്ച മുതല്‍ പ്രത്യേക യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ യൂനിറ്റ് മേധാവിക്ക് യൂനിറ്റിനു കീഴിലുള്ള വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി അയച്ച ബാലറ്റ് പേപ്പര്‍, സത്യ പ്രസ്താവന, വോട്ട് ചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. പതിവു പോലെ വോട്ട് ചെയ്ത ശേഷം ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി വരണാധികാരിക്ക് ലഭിക്കും വിധം തിരികെ അയക്കണമെന്നാണ് ചട്ടം.  ജില്ലയില്‍ 11 മണ്ഡലങ്ങളിലായി ആകെ 6278 പുരുഷന്‍മാരും 216 സ്ത്രീകളും ഉള്‍പ്പെടെ 6494 സര്‍വീസ് വോട്ടര്‍മാരാണുള്ളത്. പയ്യന്നൂര്‍ 974, കല്ല്യാശ്ശേരി 636, തളിപ്പറമ്പ് 908, ഇരിക്കൂര്‍ 672, അഴീക്കോട് 247, കണ്ണൂര്‍ 377, ധര്‍മ്മടം 912, മട്ടന്നൂര്‍ 767, പേരാവൂര്‍ 523, തലശ്ശേരി 274, കൂത്തുപറമ്പ് 204 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം.

 

Related Posts