സഞ്ചാരികളെ വരവേല്‍ക്കാന്‍ കരിമ്പം ഫാം ഒരുങ്ങുന്നു

KOL NEWS DESK

ഫലവൃക്ഷ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കരിമ്പം ഫാം സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്നു.

140 ല്‍ അധികം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഫാമില്‍ കാഴ്ചകളും വൈവിധ്യങ്ങളും ഏറെയുണ്ടെങ്കിലും സന്ദര്‍ശകര്‍ കാര്യമായി എത്താറില്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫാമിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനൊരുങ്ങുന്നത്. ഫാമിന്റെ സവിശേഷതകളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള അറിവ് ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ഡോക്യുമെന്ററി, ചിത്രങ്ങളും വിശദീകരണങ്ങളും ഉള്‍പ്പെടുത്തിയ കോഫി ടേബിള്‍ ബുക്ക്, ലീഫ്‌ലെറ്റുകള്‍, ഫാം വെബ്‌സൈറ്റ് എന്നിവ തയ്യാറാക്കും.  കൂടാതെ ഓണത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രമേയങ്ങളില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മേള നടത്താനും പദ്ധതി തയ്യാറാക്കുന്നുണ്ട്.

ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോര്‍മെട്രി നിര്‍മ്മിക്കുകയും ബോട്ടണി വിഭാഗം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ലൈബ്രറി സൗകര്യം വിപുലപ്പെടുത്തുകയും ചെയ്യും. ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യം. ഇതിനായി വിനോദസഞ്ചാരികള്‍ക്കായി മികച്ച താമസസൗകര്യവും ഒരുക്കും.  സഞ്ചാരികള്‍ക്ക് പ്രദേശത്തെ കുളങ്ങളില്‍ ചൂണ്ടയിടാനുള്ള സൗകര്യം, പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങള്‍ എന്നിവ ഒരുക്കാനും ഫാമിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകള്‍ നവീകരിച്ച് വിപുലപ്പെടുത്താനും നേരത്തെ തീരുമാനിച്ചിരുന്നു. കരിമ്പം ഫാം നവീകരണത്തിന് ഭാഗമായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്തിലെയും കരിമ്പം ഫാമിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts