ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. രാഹുല്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ വാദം. രാഹുല്‍ഗാന്ധിക്ക് രണ്ട് പാസ്പോര്‍്ട്ട് ഉണ്ടെന്നും ഇത് ശരിയല്ലെന്നുമാണ് സുബ്രഹ്മണ്യന് സ്വാമി പറയുന്നത്. അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തും ഇത്തരത്തില്‍ പരാമര്‍ശം ഉയര്‍ന്നുവന്നിരുന്നു.
യുകെയില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി 2003ല്‍ റജിസ്റ്റര്‍ ചെയ്തതായി സുബ്രഹ്മണ്യം സ്വാമി അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം രാഹുലിനു നല്കിയ നോട്ടിസില്‍ പറയുന്നു. ‘ഈ കമ്പനിയുടെ സെക്രട്ടറിയും താങ്കളാണ്. കമ്പനി വാര്‍ഷികനികുതി അടച്ച 2005 ഒക്ടോബര്‍ 10, 2006 ഒക്ടോബര്‍ 31 കാലയളവില്‍ താങ്കള്‍ 1970 ജൂണ്‍ 19നാണ് ജനിച്ചതെന്നും ബ്രിട്ടിഷ് പൗരത്വമുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. 2009 ഫെബ്രുവരി 17ലെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുലിന് ബ്രിട്ടിഷ് പൗത്വമുണ്ടെന്നു പറഞ്ഞിട്ടുണ്ട്’ പരാതി ഉദ്ധരിച്ച് ആഭ്യന്തരമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.