രാഹുല്‍ വയനാട്ടില്‍; പത്രിക സമര്‍പ്പിച്ചു

KOL NEWS DESK

കല്‍പറ്റ: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടറേറ്റില്‍ സഹോദരി പ്രിയങ്കയ്‌ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. കല്‍പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. നാലു സെറ്റ് നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുല്‍ വരാണാധികാരിയായ കലക്ടര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 10.45 ഓടെയാണ് കോഴിക്കോട്ടുനിന്ന് രാഹുല്‍ വയനാട്ടിലേക്കു പുറപ്പെട്ടത്. 11.06 ഓടെ ഇരുവരെയും വഹിച്ചെത്തിയ ഹെലിക്കോപ്റ്റര്‍ വയനാട്ടിലെത്തി. രാഹുലിനെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരാണ് ഇവിടെ എത്തിയിരുന്നത്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചുവെങ്കിലും റോഡിന് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനായില്ല. വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല. എസ്പിജി നിയന്ത്രണത്തിലാണ് കല്‍പറ്റ. കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി. അതേസമയം, വയനാടിന്റെ വീഥികളെ ആവേശത്തിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കലക്ടറേറ്റില്‍നിന്ന് കല്‍പറ്റയിലേക്ക് നടത്തിയ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ ആര്‍.എസ്. ഗോപന്‍, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി മൂന്നുപേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമെത്തി.

Related Posts