വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് നിയമം മൂലം നിര്‍ബന്ധമാക്കണമെന്ന് വനിത കമ്മീഷന്‍ അംഗം ഇ എം രാധ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളും വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളും ഒരു പരിധിവരെ കുറയ്ക്കാന്‍ കൗണ്‍സലിംഗ് വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൗണ്‍സലിംഗിന് പങ്കെടുത്തതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്യണമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇ എം രാധ. വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് കുടുംബ കൗണ്‍സലിംഗ്. നേരത്തെ കുടുംബങ്ങളില്‍ പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ മുതിര്‍ന്നവര്‍ ഉണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല. അതുകൊണ്ടാണ് കൗണ്‍സലിംഗ് ആവശ്യമാണെന്ന് പറയുന്നത്. കൗണ്‍സലിംഗ് എന്ന വാക്കിനെ തെറ്റായ അര്‍ത്ഥത്തില്‍ കാണേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംശയം, ജോലി ഭാരം, പരസ്പരം ബഹുമാനമില്ലായ്മ എന്നിവ കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. കുടുംബ പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പിന് ഇരുകൂട്ടരും തയ്യാറാകുന്നില്ല. സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ പോലും സമൂഹത്തില്‍ നല്ല മുഖവും വീട്ടില്‍ മറ്റൊരു മുഖവുമായാണ് ജീവിക്കുന്നത്. ഇത്തരത്തില്‍ കുടുംബ പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കമ്മീഷന് ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.
സ്വത്ത് തര്‍ക്കം കൂടിവരുന്നതായും കമ്മീഷന്‍ വിലയിരുത്തി. സ്വത്ത് ലഭിച്ചുകഴിഞ്ഞാല്‍ രക്ഷിതാക്കളെ നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. സ്ത്രീകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വനിതാ കമ്മീഷനെ സ്ത്രീകള്‍ തന്നെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരാതികളും അദാലത്തില്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
77 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 32 കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും 39 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ചെയ്തു. പോലീസുകാര്‍, അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.