പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി.  2,100 വോട്ടിംഗ് കംപാര്‍ട്ട്‌മെന്റ്, 695 പാക്കറ്റ് സീല്‍ ചെയ്യുന്നതിനുള്ള മെഴുക്, 4,800 ഷീറ്റ് പാക്കിംഗ് പേപ്പര്‍, 2,300 മെറ്റല്‍ സ്‌കെയില്‍, 50,000 വീതമുള്ള മൂന്ന് തരം പോസ്റ്റല്‍ ബാലറ്റ് കവറുകള്‍, വോട്ടേഴ്‌സ് സ്ലിപ്പുകള്‍ തുടങ്ങി 23 ഇനം സാധനങ്ങളാണ് ജില്ലയിലെ 1857 പോളിംഗ് സ്‌റ്റേഷനുകളിലേക്കായി വിതരണത്തിനെത്തിയത്.  ജില്ലയിലെത്തിയ പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  പരിശോധന നടത്തി. ഇവ ഇന്ന് (ഏപ്രില്‍ 10) മുതല്‍ അതത് വിതരണ കേന്ദ്രങ്ങളിലെത്തിക്കും. പെന്‍സില്‍, സ്റ്റാമ്പ് പാഡ്, ബോള്‍ പെന്‍, പേപ്പര്‍ പിന്‍, പശ, തീപ്പെട്ടി, ബ്ലേഡ്, വെളുത്ത നൂല്, കോട്ടണ്‍, മഷി, മെഴുകുതിരി, കാര്‍ബണ്‍ പേപ്പര്‍, റബ്ബര്‍ ബാന്‍ഡ്, സെല്ലോ ടേപ്പ്, മഷി സൂക്ഷിക്കാനുള്ള പാത്രം, മഷി കളയാനുള്ള തുണി, വിവിധ പാസുകള്‍ക്കുള്ള പ്ലാസ്റ്റിക് പൗച്ചുകള്‍, ഡ്രോയിംഗ് പിന്‍, തുടങ്ങിയവയാണ് മറ്റ് സാമഗ്രികള്‍.  നേരത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവ അതത് വിതരണ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയത്. ഇവ എആര്‍ഒമാര്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലെത്തിച്ച് സീല്‍ ചെയ്തു. ശക്തമായ പോലീസ് കാവലിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 2231 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് ജില്ലയില്‍ വിതരണം ചെയ്തത്്.

Related Posts