വിദ്യാഭ്യാസ ചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

പിടിയിലായ പ്രതികള്‍
KANNURONLIVE NEWS DESK

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വ, തൃശൂര്‍ കേന്ദ്രമാക്കി വിദ്യാഭ്യാസ ചാരിറ്റി ട്രസ്റ്റിറിന്റെ മറവില്‍ മൂന്ന് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മാസം വലിയൊരു ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മണി ചെയിന്‍ മാതൃകയിലായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.

ദുബായിയില്‍ ജോലി ചെയ്യുന്ന രജിലിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് മാവുങ്കാലില്‍ ക്യു ലയണ്‍സ് ഇ കൊമേഴ്‌സ് എന്ന സ്ഥാപനത്തിലെ ഇരിയ പത്തായപുര ഹൗസില്‍ പ്രജീഷ് (30), രാവണേശ്വരം നട്ടങ്കല്‍ ഹൗസില്‍ സുധീഷ് (27), ഇരിയ പൂണൂര്‍ ഹൗസില്‍ ബാലദാസ് (31) എന്നിവരെയാണ് തളിപ്പാമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രജിലില്‍ നിന്നും നിന്ന് 2017 ഒക്ടോബര്‍ 6നാണ് സ്ഥാപനത്തിന്റെ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് 1,25,000 രൂപ പ്രതികള്‍ വാങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വരുമാനമൊന്നും നല്‍കിയില്ല. സ്ഥാപനത്തിന്റെ പാര്‍ട്ണറുമാക്കിയില്ല.

 

നിയമപാലകരുടെ ശ്രദ്ധയില്‍ വരാതിരിക്കാന്‍ പണം വാങ്ങുമ്പോള്‍ ഒരു വാച്ചും ട്രാവലര്‍ പോര്‍ട്ടലും ഇവര്‍ നല്‍കുന്നു. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് ആണെന്ന് ബോധ്യപ്പെടുത്താനാണ് ഇത് നല്‍കുന്നത്. ലാഭം ചോദിക്കുന്നവരോട് 2 പേരെ ചേര്‍ക്കാന്‍ പറയുന്നു. അങ്ങനെ ചേര്‍ത്താന്‍ ഒരാളില്‍ നിന്ന് ആദ്യ ആള്‍ക്ക് 13,000 രൂപ ലഭിക്കും. ഇതിലൂടെ സമ്പാദിക്കാനാണ് പണം നല്‍കിയവരോട് പറയുന്നത്.

പ്രതികളെ അറസ്റ്റ് ചെയ്തതോടെ 60 പേര്‍ പരാതികളുമായി എത്തിയതായി പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 20 പേര്‍ പയ്യന്നൂരിലും പരിസരത്തുമുള്ളവരാണ്.

കണ്ണൂര്‍ താഴെചൊവ്വ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് സ്ഥാപനങ്ങളുള്ളതായി കണ്ടെത്തിയെന്നും വിദ്യാഭ്യാസ ചാരിറ്റി ട്രസ്റ്റിറിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയതെന്നും ഡിവൈഎസ്പി ടി.കെ.രത്‌നകുമാര്‍, സിഐ കെ.ധനഞ്ജയബാബു, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവര്‍ അറിയിച്ചു.

 

Related Posts