വിദേശഫണ്ട് കൈപ്പറ്റുന്നതില്‍ എന്‍ജിഒകള്‍ക്ക് പുതിയ നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദി
KANNURONLIVE NEWS DESK

വിദേശഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒകളിലെ ഡയറക്ടര്‍മാരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ മാത്രം നല്‍കേണ്ടിയിരുന്ന സത്യവാങ്മൂലം എല്ലാവര്‍ക്കും ബാധമാക്കി കേന്ദ്ര സര്‍ക്കാര്‍.
എന്‍ജിഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സര്‍ക്കാരിനെ ബോധിപ്പിക്കണം. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം എന്‍ജിഒ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയാണിത്. എന്‍ജിഒകള്‍ വിദേശഫണ്ട് കൈപ്പറ്റുന്നതില്‍ പുതിയ തീരുമാനം തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. വ്യക്തികള്‍ 25,000 രൂപയില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ വെളിപ്പെടുത്തേണ്ടതാണെന്ന 2011ലെ നിയമത്തില്‍ ഇളവ് വരുത്തി. ഇത് ഒരു ലക്ഷം രൂപ വരെയാക്കി ഉയര്‍ത്തി. സമുദായ സൗഹാര്‍ദം തകര്‍ക്കുംവിധം മതപരിവര്‍ത്തനം നടത്തിയ വ്യക്തികളെ പൂര്‍ണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നത്. പണം വകമാറ്റുകയോ ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്കോ നിയമവിരുദ്ധ കാര്യങ്ങള്‍ക്കോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നു നേരത്തെ അപേക്ഷകര്‍ മാത്രമാണ് സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നത്. ഇനി മുതല്‍ എന്‍ജിഒയിലെ എല്ലാ അംഗങ്ങളും ഇതേ ഉറപ്പ് സര്‍ക്കാരിനു നല്‍കണം. വിദേശ യാത്രയില്‍ എന്‍ജിഒ അംഗം അടിയന്തര ചികില്‍സ നേടിയാല്‍ ഒരു മാസത്തിനകം സര്‍ക്കാരിനെ അറിയിക്കണം. ആശുപത്രിച്ചെലവിന്റെ സ്രോതസ്സ്, പണത്തിനു രൂപയുമായുള്ള വിനിമയമൂല്യം, എങ്ങനെയാണ് പണം ലഭിച്ചത് തുടങ്ങിയവ ഉള്‍പ്പെടുത്തണം. നേരത്തെ ഇതെല്ലാം രണ്ടു മാസത്തിനുള്ളില്‍ അറിയിച്ചാല്‍ മതിയായിരുന്നു.

 

Related Posts