ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി. ആൻഡ് എ.എച്ച്.) എന്ന കോഴ്സ് പഠിക്കാൻ കേരളത്തിൽ രണ്ടുകോളേജുണ്ട് – കേരള ആനിമൽ ആൻഡ് വെറ്ററിനറി സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിലും (തൃശ്ശൂർ) വയനാട് ( പൂക്കോട്ട് ) ഉള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസും .
പ്ലസ് ടു കഴിഞ്ഞ് ഇവിടെ രണ്ടുരീതിയിൽ പ്രവേശനം നേടാം. ഒന്ന്: കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റ് വഴിയുള്ളതാണ്. അതിൽ താത്പര്യമുള്ളപക്ഷം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. അതോടൊപ്പം പ്രവേശനപരീക്ഷാ കമ്മിഷണർ പ്രൊഫഷണൽ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് (എൻജിനിയറിങ്, മെഡിക്കൽ (മെഡിക്കൽ അനുബന്ധം ഉൾപ്പെടെ), ആർക്കിടെക്ചർ, ഫാർമസി എന്നിവയ്ക്ക്) അപേക്ഷ വിളിക്കുമ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം.
നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് നേടിയാൽ അപേക്ഷാർഥിയെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തും (അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി എന്നീ കോഴ്സുകൾ ഇതിൽ ഉൾപ്പെടും). തുടർന്ന് ഓപ്ഷൻ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. മണ്ണുത്തി കോളേജിനോടാണ് കീം അലോട്ട്മെന്റിൽ വിദ്യാർഥികൾ പൊതുവേ താത്പര്യം കാട്ടുന്നത്.
രണ്ടാമത്തേത് *ഓൾഇന്ത്യ ക്വാട്ടവഴിയാണ്.* രാജ്യത്തെ 54-ൽപ്പരം വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്സി. ആൻഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നികത്തുന്നു. ഈ പ്രക്രിയവഴി കേരളത്തിലെ രണ്ടു വെറ്ററിനറി കോളേജിലെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നുണ്ട്. ഈ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അപേക്ഷാർഥി, നീറ്റ് യു.ജി. യോഗ്യത നേടണം (50-ാം പെർസന്റൈൽ സ്കോർ നേടണം. സംവരണക്കാർക്ക് ഇളവുണ്ട്).
നീറ്റ് യു.ജി. ഫലംവന്നശേഷം വെറ്ററിനറി കൗൺസിൽ, ഓപ്ഷൻ വിളിക്കുമ്പോൾ രജിസ്റ്റർചെയ്ത് പ്രക്രിയയിൽ പങ്കെടുക്കാം. ഇതിൽ ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളിൽ ഐ.സി.എ.ആർ. വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബറേലി, യു.പി.), കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് (ബിക്കാനിർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യുക്കേഷൻ (ജയ്പുർ), കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് (പട്ന), കോളേജ് ഓഫ് വെറ്ററിനറി സയൻസസ് (ഹിസാർ), കോളേജ് ഓഫ് വെറ്ററിനറി സയൻസസ്, (ലുധിയാന) തുടങ്ങിയവ, വിദ്യാർഥികൾ കൂടുതൽ താത്പര്യം കാട്ടിയ ചില സ്ഥാപനങ്ങളാണ്. *https://www.vcicounseling.nic.in/*
▪️▪️▪️▪️▪️▪️▪️▪️▪️▪️