കണ്ണൂര്‍: ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഓരോ പഞ്ചായത്തുകളിലും ദുരന്ത നിവാരണ കമ്മിറ്റികള്‍ രൂപീകരിക്കും. പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊള്ളുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി നടന്ന ജില്ലാതല ദുരന്ത നിവാരണ പരിശീലന പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ കമ്മിറ്റിയില്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരും പോലീസ്, ഫയര്‍ഫോഴ്സ്, കുടുംബശ്രീ, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പ്രതിനിധികളും ഉണ്ടാകണം. തിരച്ചില്‍ രക്ഷാ പ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ 30 പേര് അടങ്ങുന്ന ദുരന്ത നിവാരണ ടീം രൂപീകരിക്കുകയും പഞ്ചായത്ത് ദുരന്ത നിവാരണ പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്യും.
ജില്ലയിലെ 35 പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ബാക്കി പഞ്ചായത്തുകള്‍ക്കുള്ള പരിശീലനം അടുത്തമാസം സംഘടിപ്പിക്കും. നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ട് (എന്‍ സി ആര് എം പി) സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ കെ ജെ സിറിയക്, കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ വി ലക്ഷ്മണന് എന്നിവര്‍ ക്ലാസെടുത്തു.