പോഷണമാസാചരണത്തിന് ഇന്ന് തുടക്കമാകും

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ടകേരളം) പദ്ധതിയുടെ ഭാഗമായി നടത്തുന്ന പോഷണമാസാചരണത്തിന് ഇന്ന് (സപ്തംബര്‍ 17) തുടക്കമാകും. ഇതുമായി ബന്ധപ്പെട്ട് നടന്ന കണ്‍വേര്‍ജന്‍സ് യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. പദ്ധതി നടപ്പാക്കുന്നതിന് കൃത്യമായ ആസൂത്രണം ആവശ്യമാണെന്നും ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും കലക്ടര്‍ പറഞ്ഞു.
ഗര്‍ഭാവസ്ഥ മുതലുള്ള കുട്ടിയുടെ ആയിരം ദിനങ്ങള്‍, അനീമിയ മുക്ത ഭാരതം, ഡയേറിയ മാനേജ്മെന്റ്, വാഷ് (വാട്ടര്‍ സാനിറ്റേഷന്‍ ആന്റ് ഹൈജീന്‍), പോഷകാഹാരം എന്നീ തലങ്ങളെ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മാസാചരണം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ പോഷന്‍ എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മൊബൈല്‍ എക്സിബിഷന്‍ സംഘടിപ്പിക്കും. ഇന്ന് (സപ്തംബര്‍ 17)തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന എക്സിബിഷന്‍ ഒക്ടോബര്‍ രണ്ടിന് ജില്ലയിലെത്തും.
നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്റെ ഭാഗമായി എല്ലാ അംഗനവാടികള്‍ക്കും ഒരോ സ്മാര്‍ട്ട് ഫോണും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യും. ഐ സി ഡി എസ് കാസ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ ഫോണ്‍ വഴി അംഗനവാടികളിലൂടെ നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ എല്ലാ അംഗനവാടികള്‍ക്കും ആവശ്യമായ സ്മാര്‍ട്ട് ഫോണുകള്‍ ഇതിനോടകം എത്തിക്കഴിഞ്ഞതായി ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു യോഗത്തെ അറിയിച്ചു. ഡെപ്യൂട്ടി ഡി എം ഒ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Posts