ന്യൂഡല്‍ഹി: 2014ല്‍ വാരാണസിയില്‍ മോദിയോട് മത്സരിച്ചുതോറ്റ അജയ് റായിയെതന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കയെ ഇറക്കി വാരാണസിയില്‍ ശക്തമായ മത്സരം നടത്തുന്നതിനു കോണ്‍ഗ്രസ് നീക്കം നടത്തുമെന്ന പ്രവചനങ്ങള്‍ ഇതോടെ അസ്ഥാനത്തായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളായിരുന്നു മോദിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 75,614 വോട്ടുകള്‍ മാത്രമാണ് അന്നു വാരാണസിയില്‍ നിന്നു നേടിയത്. നരേന്ദ്ര മോദിക്ക് 5,81,022 വോട്ടുകളാണ് 2014ല്‍ ഇവിടെ ലഭിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 22 മുതല്‍ 29 വരെയാണ് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്ന സമയം. പൊതു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മേയ് 19നാണ് വാരാണസിയില്‍ വോട്ടെടുപ്പ്.