ഗോശാലക്ക് അലങ്കാരമായി നന്ദികേശന്‍ ആനന്ദത്തിലാണ്

മാമ്പവിളയാറോട്ട് ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ ക്ഷേത്രഗോശാല സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിച്ച് 13 വര്‍ഷമായി നന്ദികേശന്‍ ആനന്ദത്തിലാണ്. കാളക്കൂറ്റനാണെങ്കിലും ഇവന്‍ ശാന്തസ്വഭാവക്കാരനാണ്. ക്ഷേത്രം ഗോശാലയിലെ പശുപരിപാലകനായ ശ്രീ എം കെ പുരുഷോത്തമന്റെയും ഭക്തജനങ്ങളുടെയും അരുമയായ നന്ദികേശന്‍ വിവിധ പരിപാടികളിലും മുഖ്യസാന്നിധ്യമായി പങ്കെടുത്തിട്ടുണ്ട്.
കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ 2012ല്‍ പതിനൊന്ന് ദിവസങ്ങളിലായി നടന്ന അതിരുദ്രമഹായജ്ഞത്തിന്റെ ചടങ്ങുകളിലും കണ്ണൂരില്‍ സംഘടിപ്പിച്ച ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിലെ നന്ദികേശപൂജയിലും ചൊവ്വ മഹാശിവക്ഷേത്രത്തില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകളിലും പങ്കെടുത്ത മാമ്പയുടെ സ്വന്തം നന്ദികേശന്‍, പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൗതുകം സമ്മാനിച്ചായിരുന്നു മടങ്ങിയത്.
നന്ദികേശനെയും ഗോശാലയിലെ പശുക്കളെയും കാണാന്‍ വരുന്നവര്‍ ഇവര്‍ക്കുള്ള കാലിത്തീറ്റയും വൈക്കോലും വാങ്ങിയോ, അല്ലെങ്കില്‍ അതിനുള്ള തുക ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിച്ചുമാണ് ഇവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാറുള്ളത്. ഹൈന്ദവധര്‍മ്മവിശ്വാസപ്രകാരം പരമശിവന്റെ വാഹനമായ കാളയാണ് നന്ദികേശന്‍. ശിവഗണങ്ങളില്‍ പ്രധാനിയാണ് നന്ദി. ശിവക്ഷേത്രങ്ങളില്‍ ശ്രീകോവിലിനുമുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്.
സാധാരണകാളകളില്‍ നിന്നും വ്യത്യസ്തമായ വലുപ്പത്തിലും രൂപഭംഗിയിലും നന്ദികേശന്‍ ഭക്തജന മനസ്സുകളെ ഏതൊക്കെയോ പുരാണ സ്മൃതികളിലേക്ക് നയിക്കുന്നു.

 

Related Posts