നമോ ടിവി വാര്‍ത്താ ചാനലല്ല; വിശദീകരണവുമായി ടാറ്റാ സ്‌കൈ

ന്യൂഡല്‍ഹി: നമോ ടിവി ഹിന്ദി വാര്‍ത്താ ചാനലല്ലെന്നും സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലാത്ത ഇന്റര്‍നെറ്റ് വഴിയുള്ള പ്രത്യേക സേവനമാണെന്നും ഡിടിഎച്ച് സേവനദാതാക്കളായ ടാറ്റാ സ്‌കൈയുടെ വിശദീകരണം. നേരത്തെ, നമോ ടിവി ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന ഹിന്ദി വാര്‍ത്താ സേവനമാണെന്നു ടാറ്റാ സ്‌കൈ ട്വീറ്റ് ചെയ്തിരുന്നു. ഇതു വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി ടാറ്റാ സ്‌കൈ സിഇഒ ഹരിത് നഗ്പല്‍ രംഗത്തുവന്നത്. നമോ ടിവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും ബിജെപി അനുകൂല നിലപാടുകളും സംപ്രേഷണം ചെയ്യുന്നുവെന്ന കോണ്‍ഗ്രസിന്റെയും എഎപിയുടെയും പരാതിയെ തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തോടു വിശദീകരണം തേടിയിരുന്നു. നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്നും ബിജെപിയുടെ പ്രചാരണ മാധ്യമമാണ് നമോ ടിവിയെന്നുമാണ് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്ന നമോ ടിവി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 31നാണ് സംപ്രേഷണം ആരംഭിച്ചത്. ഡിടിഎച്ച്, കേബിള്‍ ശൃംഖലകളില്‍ ചാനല്‍ ലഭ്യമാണ്. നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും ബിജെപി അനുകൂല നിലപാടുകളും സംപ്രേഷണം ചെയ്യുന്ന നമോ ടിവി പെരുമാറ്റച്ചട്ട ലംഘനം നടത്തിയോയെന്നു പരിശോധിക്കണമെന്നാണ് എഎപി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ ‘മേം ഭി ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനു തിരഞ്ഞെടുപ്പു കമ്മിഷന്‍ കാരണം കാണിക്കല്‍ നേട്ടിസ് നല്‍കിയിരുന്നു.

Related Posts