കണ്ണൂര്‍: സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പയ്യാമ്പലം ബീച്ചില്‍ മണല്ശില്പം തീര്‍ത്തു. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്ബോധവല്ക്കരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന സന്ദേശം പകരുന്നതായിരുന്നു മണലില്‍ തീര്‍ത്ത ശില്പം. ഇന്ത്യയുടെ ഭൂപടവും, പാര്‍ലമെന്റും, വോട്ടിംഗ് മെഷീനും മണലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്മുന്നില് തയ്യാര്‍. വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും അവകാശമാണെന്നും ആ അവസരം ആരും പാഴാക്കരുതെന്നും ഈ മണല്‍ ശില്പങ്ങള് കാണികളെ ഓര്‍മ്മപ്പെടുത്തി. ഇന്റീരിയര്‍ ഡിസൈനറായ മാട്ടൂല്‍ സ്വദേശി നിതിന്‍ നാരായണനാണ് ശില്പി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലുള്ള 120 ഓളം വിദ്യാര്‍ത്ഥിനികളും പൊതുജനങ്ങളും ഈ ക്യാംപയിനിന്റെ ഭാഗമായി.
പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് സി എം ലതാ ദേവി, സ്വീപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.