ലീഗുകാരുടേത് കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നടപടികള്‍ സ്വീകരിക്കും: കെ പി എ മജീദ്

KANNURONLIVE NEWS DESK

 ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന സിപിഎം ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കല്യാശേരിയില്‍ നടന്നത് കള്ളവോട്ടാണെങ്കില്‍ നിയമപരമായ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ലീഗിനെതിരായ കള്ളവോട്ട് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജീദ് വ്യക്തമാക്കി. കള്ളവോട്ടാണെന്ന് വ്യക്തമായാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. വീഡിയോയില്‍ കാണുന്ന ആള്‍ മുസ്ലിം ലീഗുകാരനാണെങ്കില്‍ പാര്‍ട്ടിയുടെ നടപടിയുണ്ടാകും. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങള്‍ നിരത്താന്‍ മുസ്ലിം ലീഗ് ശ്രമിക്കില്ലെന്നും മജീദ് വ്യക്തമാക്കി. റീ പോളിങ് ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ച് തീരുമാനമെടുക്കട്ടെ എന്നും ആ തീരുമാനത്തെ ലീഗ് അനുകൂലിക്കുമെന്നും മജീദ് വ്യക്തമാക്കി. ഉദുമ മണ്ഡലത്തിലെ കല്ലിങ്കല്‍ ജിയുപി സ്‌കൂളിലെ സംഭവം കള്ളവോട്ടല്ലെന്ന് വ്യക്തമായിട്ടുണ്ട്.വോട്ട് ചെയ്യാന്‍ വന്ന സ്ത്രീ ഐഡി കാര്‍ഡിന്റെ ഫോട്ടോകോപ്പിയുമായാണ് വന്നത്. ഇരു വിഭാഗത്തിലെയും ബൂത്ത് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. അങ്ങനെ അവിടെ ചെറിയ ബഹളമുണ്ടായി. പിന്നീട് അവര്‍ ഒറിജിനല്‍ കാര്‍ഡ് കൊണ്ട് വന്ന് വോട്ട് രേഖപ്പൈടുത്തിയെന്ന് മജീദ് പറഞ്ഞു. കണ്ണൂര്‍ പുതിയങ്ങാടിയിലെ കല്യാശ്ശേരിയില്‍ ഇരട്ട വോട്ട് ആരോപണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായും മജീദ് പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ലീഗിനെതിരെയും ആരോപണവുമായി സിപിഎം രംഗത്തെത്തിയത്.

Related Posts