എം.സി.എം.സി സെല്ലും മീഡിയ സെന്ററും പ്രവര്‍ത്തനം തുടങ്ങി

KOL NEWS DESK

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്‌ട്രോണിക്ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമായുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)ഓഫീസിന്റെയും ഇലക്ഷന്‍ മീഡിയ സെല്ലിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പ്രചാരണവുമായി ബന്ധപ്പെട്ട് സാമ്പ്രദായിക മാധ്യമങ്ങള്‍ക്കു പുറമെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളും വാര്‍ത്തകളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എംസിഎംസിയുടെ അനുമതി പത്രം ലഭിച്ച ശേഷമേ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാവൂ. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികളും പാര്‍ട്ടികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് വിധേയരാവും. ബള്‍ക്ക് എസ്എംഎസ്, വോയ്‌സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ പി അബ്ദുല്‍ ഖാദര്‍, എംസിഎംസി മെംബര്‍ സെക്രട്ടറി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അംഗങ്ങളായ ഹിന്ദു ദിനപ്പത്രം സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി മുഹമ്മദ് നസീര്‍, ഡിവൈഎസ്പി (ഡിസിആര്‍ബി) എം സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിലാണ് എംസിഎംഎസി സെല്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടോ 0497 2700231 എന്ന നമ്പറിലോ ഓഫീസില്‍ അറിയിക്കാം.

 

Related Posts