കണ്ണൂര്‍: ലോകം ഒരു പന്തോളം ചെറുതാകുമ്പോള്‍ കണ്ണൂര്‍ ലോകത്തോളം വലുതാവുന്ന സുവര്‍ണ്ണ നിമിഷം സമ്മാനിച്ച ഇതിഹാസമായിരുന്നു ബ്യൂണീസ് ഐറിസിലെ സ്വവസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തന്റെ 60ാമത്തെ വയസ്സില്‍ നിത്യനിദ്രയിലേക്ക് പോയ ഡിയാഗോ മറഡോണ. 1986ല്‍ അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഇരുപതാം നൂറ്റാണ്ടിന്റെ യുഗപുരുഷന് കണ്ണൂരിന്റെ ഫുട്ബാള്‍ മൈതാനത്തിന്റെ മണ്ണിലിറങ്ങിയത് കളിപ്രേമികളായ മലയാളികളുടെ സ്നേഹം ഒരായുഷ്ക്കാലത്തിലേക്ക് ഏറ്റുവാങ്ങാന്‍ കൂടിയായിരുന്നു. കുംബ്ലിയാഞ്ഞോസ് ഫെലിസ്, ഫെലിസ് ദെവദെ ദയാമോസ് ഡിയാഗോ മറഡോണ എന്ന സ്പാനിഷ് ഗാനത്തിന്റെ അകമ്പടിയോടു കൂടി മറഡോണയും അരാധകരും ചുവടുവെച്ചത് നായനാര്‍ സ്മാരക സ്വര്‍ണ്ണക്കപ്പ് ഉള്‍പ്പെടെ നിരവധി ഫുട്ബാള്‍ മാമാങ്കത്തിന് വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലായിരുന്നു.
491 മത്സരങ്ങളിലായി 259 കരിയര്‍ ഗോള്‍ നേടിയ അനശ്വരനായ പ്രതിഭയോട് ലോകം ഗുഡ്ബൈ പറയുമ്പോള്‍ പാദസ്പര്ശമേറ്റതിന്റെ ഓര്‍മ്മയില്‍ കണ്ണൂരും ഹൃദയ വേദനയോടെ പങ്കുചേരുകയാണ്. കണ്ണൂരില്‍ വന്നതിന്റെ എട്ടുവര്‍ഷം പൂര്‍ത്തിയായതിന്റെ ഒരു മാസം തികയാനിരിക്കെയാണ് മരണം എന്നത് ഓര്‍മകളുടെ ഗോള്‍വലയില്‍ നനവായി മാറി. കിരീടം വെക്കാത്ത ലോക ഫുട്ബാള്‍ താരം കണ്മുന്നിലായപ്പോള് ഇരമ്പിയാര്‍ത്ത ആരാധകര്‍ക്ക് മുന്നില്‍ തന്റെ 52ാം ജന്മദിനം ഫുട്ബാള്‍ മൈതാനത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ചത് കളിപ്രേമികള്‍ ഇന്നലെ എന്നതു പോലെ ഓര്‍ക്കുകയാണ്.
അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളിലായി 34 ഗോള്‍ നേടിയ മഹാപ്രതിഭ 2012 ഒക്ടോബര്‍ 24ന് പറന്നിറങ്ങിയപ്പോള്‍ ശില പാകിയത് ണ്ണൂരിന്റെ കായിക-വാണിജ്യമേഖലയുടെ പുതിയ ചരിത്രത്തിന് കൂടിയായിരുന്നു. ഈ അവസരമൊരുക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനാണ് കണ്ണൂര്‍ നന്ദി പറയുന്നത്. ബോബി ചെമ്മണൂര്‍ എയര്‍ലൈന്‍സിന്റെയും ജ്വല്ലറിയുടെയും ഉദ്ഘാടനത്തിനാണ് മറഡോണ കണ്ണൂരിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് 2012 ഒക്ടോബര്‍ 23ന് കണ്ണൂരിലെത്തിയത്. അന്ന് മുഴുവന്‍ കണ്ണൂരിലെ സ്വകാര്യ ഹോട്ടലില്‍ വിശ്രമത്തിനാണ് ചെലവിട്ടിരുന്നത്. വൈകീട്ടും പുലര്‍ച്ചെയുമായി ഹോട്ടലിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഫുട്ബാള്‍ മഹാപുരുഷന് തമ്പടിച്ച ആരാധകരെ ഒട്ടും നിരാശരാക്കിയിരുന്നില്ല. ഹോട്ടലില്‍ പരസ്യ ചിത്രീകരണത്തിനായി മുണ്ടുടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മറഡോണ വാര്‍ത്ത കൗതുകമായിരുന്നു.
ഉദ്ഘാടന ദിവസമായ 24ന് വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലും വന്നത് ഹെലികോപ്റ്ററില്‍ തന്നെയായിരുന്നു. 11.16ന് മറഡോണയും കൊണ്ട് ഹെലികോപ്റ്റര്‍ പൊലീസ് മൈതാനിയില്‍. തുടര്‍ന്ന് സുരക്ഷാ സന്നാഹത്തോടെ 11.20ന് ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി രണ്ടാം ഗോള്‍ നേടിയ അതേ ആവേശത്തോടെ, കടുംനീല ജീന്‍സും ഇളം നീല ഷര്‍ട്ടും രണ്ട് കൈകളിലും വാച്ചും ധരിച്ചെത്തിയ ഇതിഹാസ പുരുഷന്റെ കൈയും കാലും കണ്ണൂരിന്റെ ഫുട്ബാള്‍ മൈതാനമായ ജവഹര്‍ സ്റ്റേഡിയത്തില്‍. ആരാധകര്‍ ആര്‍പ്പുവിളിച്ചു വരവേല്‍ക്കുകയായിരുന്നു. ആടിയും പാടിയും സമീപത്തുള്ളവരെ കെട്ടിപ്പിടിച്ചും അഭിവാദ്യം ചെയ്തും സ്വതസിദ്ധമായ കൈമുദ്രകള്‍ കാട്ടിയും ആരാധകരിലേക്ക് പന്ത് തട്ടിയും കണ്ണൂരിന്റെ മനസില്‍ മായാതെ മറഡോണ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ എം വിജയനുമായി ഹെഡ്ഡറും പാസും കൈമാറിയും ആള്‍ക്കൂട്ടത്തിലേക്ക് പന്തെടിച്ചും ഇടയ്ക്കിടെ അര്‍ജന്റീനയുടെ ജഴ്സി വീശി കാണിച്ചും ആരാധകരെ പുളകമണിയിച്ചു. നെഞ്ച് തോട്ട് കാണിച്ച കേരളത്തെയും ഇന്ത്യയെയും അതിരറ്റ് സ്നേഹിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച 11.40ന് വേദി വിട്ടു. മറഡോണ കണ്ണൂരില്‍ പ്രവേശിച്ചതോടു കൂടി കായികവും ബിസിനസും ചേര്‍ന്ന കണ്ണൂരിന്റെ മറ്റൊരു ചരിത്രത്തിന് കൂടിയാണ് തുടക്കം കുറിച്ചത്. 1960 മുതല്‍ 2020 വരെ നീണ്ട ജീവിതയാത്രയില്‍ മറഡോണ അങ്ങനെ കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരവും കൂടിയായി മാറി.