മഞ്ഞപ്പിത്തം: അശാസ്ത്രീയ ചികിത്സ പാടില്ല

കണ്ണൂര്‍: ജില്ലയില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അശാസ്ത്രീയമായ ചികിത്സ രീതിയും ഒറ്റമൂലി ചികിത്സാ രീതിയും സ്വീകരിക്കാന്‍ പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു. ഇത്തരം ചികിത്സകള്‍ കൂടുതല്‍ അപകടം വരുത്തിവയ്ക്കും. രക്ത പരിശോധനയിലൂടെ രോഗ നിര്‍ണയം നടത്തി ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സക്കായി സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളെ സമീപിക്കണം. മഞ്ഞപ്പിത്തത്തിനുള്ള ഔഷധങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. കടുത്ത ചൂടും ജലക്ഷാമവും വര്‍ധിച്ച സാഹചര്യത്തില്‍ മലിനജലം ഉപയോഗിച്ചുള്ള പാനീയങ്ങളും ആഹാരവും ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ ഇപ്രകാരം ശരീരത്തില്‍ കടന്നാണ് രോഗം ഉണ്ടാകുന്നത്. ഇതോടൊപ്പം കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആരോഗ്യക്കുറവും രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവും രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നു.

പനി, വിശപ്പില്ലായ്മ, ആഹാരത്തോട് വെറുപ്പ്, ഓക്കാനം, ഛര്‍ദ്ദി, അതികഠിനമായ ശരീര ക്ഷീണം, മൂത്രത്തില്‍ മഞ്ഞ നിറം തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍.

Related Posts