വോട്ടര്‍മാരെ ഉണര്‍ത്താന്‍ മാജിക് ഷോയുമായി സ്വീപ് ടീം

കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി മാജിക് ഷോ അവതരിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തിലെ വന്‍കുളത്ത് വയലിലാണ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍), ഹരിത ഇലക്ഷന്‍ എന്നിവയുടെ ഭാഗമായി മാജിക് ഷോ നടന്നത്. പ്രശസ്ത മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണ മാജിക് ഷോ. വോട്ട് ചെയ്യുന്നതിലൂടെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാവുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ രക്ഷിക്കാന്‍ ഹരിതരീതികളിലേക്ക് നാം മാറേണ്ടതിന്റെ പ്രാധാന്യവും തന്റെ മാജിക്കിലൂടെ അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. വന്‍കുളത്തു വയല്‍ ടൗണില്‍ നടന്ന മാജിക് ഷോ ആസ്വദിക്കാന്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
പരിപാടിയില്‍ അഴീക്കോട് നിയോജക മണ്ഡലം സ്വീപ്പ് നോഡല്‍ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, മണ്ഡലം ഹരിത പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ സി കെ റസീന, എന്‍ കെ മുസമ്മില്‍, എം കെ ഷൈജു, നൗഷാദ്, ശബാന എന്നിവര്‍ സംസാരിച്ചു.

Related Posts