തെരഞ്ഞെടുപ്പ് ചെലവ്: നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു

KOL NEWS DESK

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവു നിരീക്ഷണവുമായി ബന്ധപ്പെട്ട്, പ്രചാരണത്തിനായി ഉപയോഗിക്കുന്ന വിവിധ സാധന-സേവനങ്ങളുടെ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ചെറുതും വലുതുമായ 214 സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കാണ് പ്രസിദ്ധീകരിച്ചത്. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഉച്ചഭാഷിണി സംവിധാനം ഒരുക്കുന്നതിന് ദിവസേന 2500 രൂപയും പൊതുയോഗത്തിനുള്ള ഉച്ചഭാഷിണിക്ക് 1000 വാട്ട്‌സില്‍ താഴെയുള്ളതിന് 1800 രൂപയും 2500 വാട്ട്‌സ് വരെയുള്ളതിന് 2500 രൂപയുമാണ് നിരക്ക്. എയര്‍ കൂളറിന് 400 രൂപ, സീലിംഗ് ഫാനിന് 100 രൂപ, വലിയ പെഡസ്റ്റല്‍ ഫാനിന് 250 രൂപ, കൂളര്‍ ഫാന്‍ 600 രൂപ, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവയ്ക്ക് 1200 രൂപ, അഞ്ചു പേര്‍ക്കുള്ള സ്റ്റേജ്, പോഡിയം എന്നിവയ്ക്ക് 1000 എന്നിങ്ങനെയാണ് ദിവസ നിരക്കായി കണക്കാക്കിയിരിക്കുന്നത്. ജനറേറ്റര്‍ ഒരു കെവിഎയ്ക്ക് ദിവസം 400 രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിഐപി ചെയറിന് ദിവസം 80 രൂപ, കൈയില്ലാത്ത ഫൈബര്‍ കസേരയ്ക്ക് അഞ്ച് രൂപ, കൈ ഉള്ളതിന് 10 രൂപ, കുഷ്യനുള്ള കസേരകള്‍ക്ക് 40 രൂപ, എല്‍സിഡി ടിവിക്ക് 2500 രൂപ, വാഹനത്തില്‍ എല്‍സിഡി ടിവി ഉപയോഗിച്ചുള്ള പ്രചാരണത്തിന് 6000 രൂപ എന്നിങ്ങനെയാണ് നിരക്ക്. തുണി കൊണ്ടുള്ള ബാനറിന് ചതുരശ്ര അടിക്ക് 100 രൂപയും കാന്‍വാസ് ബാനറിന് ഒരു ചതുരശ്ര അടിക്ക് 30 രൂപയും തുണികൊണ്ടുള്ള വലിയ കൊടിക്ക്് 120 രൂപയും ചെലവ് കണക്കാക്കും.

വിശദാംശങ്ങളടങ്ങിയ റേറ്റ് ചാര്‍ട്ട് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസില്‍ ലഭിക്കും.

ചുവരെഴുത്ത് ഒരു ചതുരശ്ര അടിക്ക് 10 രൂപയും മള്‍ട്ടി കളര്‍ ചുവരെഴുത്തിന് 20 രൂപയുമാണ് നിരക്ക്. ആര്‍ച്ച് സ്ഥാപിക്കുന്നതിന് ഏഴ് ദിവസത്തേക്ക് 10,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. എസിയുള്ള വലിയ ഹാളിന് 75000 രൂപ, എസി ഇല്ലാത്ത ചെറിയ ഹാളിന് 25000 രൂപ എന്നിങ്ങനെയാണ് ദിവസ വാടക. ഒരു ദിവസം മൈതാനം ഉപയോഗിക്കുന്നതിന് 2000 രൂപയാണ് കണക്കാക്കുക. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തകര്‍ക്ക് ദിനബത്തയായി 500 രൂപയും ഉച്ചഭക്ഷണത്തിന് 60 രൂപയും ചായയ്ക്കും കടിക്കും 50 രൂപയും കണക്കാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന 1500 സിസിയില്‍ കുറഞ്ഞ ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്ക് ഒരു ദിവസം 3000 രൂപയും 1500 സിസിയില്‍ കൂടുതലുള്ളവയ്ക്ക് 4000 രൂപയുമാണ് റേറ്റ് ചാര്‍ട്ടിലെ നിരക്ക്. ജീപ്പ്, കാര്‍ തുടങ്ങിയവയ്ക്ക് 3000 രൂപ, ബസ്സിന് 8500 രൂപ, മിനിബസ്സിന് 5500 രൂപ. ബസ് ഡ്രൈവര്‍ക്ക് 1200 രൂപയും കാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് 1000 രൂപയുമാണ് ഒരു ദിവസത്തെ വേതനം.

പ്രചാരണത്തില്‍ ഉപയോഗിക്കുന്ന ബാന്റ്‌സെറ്റിന് 6000 രൂപയും പഞ്ചാരി മേളത്തിന്് 7000 രൂപയും ചെണ്ടയ്ക്ക് മണിക്കൂറില്‍ 250 രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്താല്‍ ഒരു ബോര്‍ഡിന് 28 രൂപ എന്ന നിരക്കിലാണ് ഈടാക്കുക. സ്‌ക്വാഡുകള്‍ നീക്കിയ തോരണങ്ങള്‍ക്ക് ഒരു മീറ്ററിന് 38 രൂപയും ഒരു പോസ്റ്ററിന് 11 രൂപയും കണക്കാക്കി സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.

Related Posts