ടിക്കാറാം മീണയുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന്‍

KANNURONLIVE NEWS DESK

കണ്ണൂര്‍: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ജില്ലാ കലക്ടര്‍ തെളിവെടുക്കും മുന്‍പ് കള്ളവോട്ട് നടന്നുവെന്നു തീര്‍പ്പു കല്‍പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മീണയുടെ തീരുമാനം മുന്‍വിധിയോടെയുള്ള തിരക്കഥയനുസരിച്ചാണ്. ആരോപണവിധേയരോട് വിശദീകരണം ചോദിക്കാന്‍ പോലും തയാറായില്ല. പഞ്ചായത്തംഗം മാറിനില്‍ക്കണമെന്ന് പറയാന്‍ മീണയ്ക്ക് അധികാരമില്ല. ഒരു പരിശോധനയ്ക്കും എതിരല്ല. എന്നാല്‍ ഏകപക്ഷീയ പരിശോധന പാടില്ല. മീണയുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നും കോടിയേരി ആരോപിച്ചു. ഇതു സാധൂകരിക്കുന്ന ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തതായി ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂള്‍ 19ാം നമ്പര്‍ ബൂത്തില്‍ സിപിഎമ്മിന്റെ ചെറുതാഴം പഞ്ചായത്ത് അംഗം എം.വി. സലീന, മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും മീണ വ്യക്തമാക്കിയിരുന്നു.

Related Posts