ജീവിതശൈലി ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം: ഹൃദ്രോഗവിദഗ്ധര്‍

കൊച്ചി: ഹൃദ്രോഗത്തിലേക്കും മറ്റ് അവയവ തകരാറുകളിലേക്കും നയിക്കുന്ന പ്രധാന രോഗാവസ്ഥകളായ രക്താധിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഉറക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ നിയന്ത്രണവും ചികില്‍സയും സംബന്ധിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ് കൊച്ചിന്‍ ലൈവ്‌സ് കാര്‍ഡിയോ മെറ്റബോളിക് സമ്മേളനം കൊച്ചിയില്‍ നടന്നു.മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ദന്‍ ഡോ. സജി കുരുട്ടുകുളം സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന ഘടകങ്ങളെയും ജീവിത ശൈലി രോഗങ്ങളെയും സംബന്ധിച്ച് അവബോധമില്ലായ്മ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഒരു ഒഴിവുകഴിവായി പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് ഡോ. സജി കുരുട്ടുകുളം പറഞ്ഞു. ഇത്തരം രോഗാവസ്ഥകള്‍ക്ക് പ്രധാന കാരണം ആരോഗ്യത്തോടുള്ള നിരുത്തരവാദപരമായ സമീപനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കുക, രോഗവസ്ഥകളും രോഗങ്ങളും നിര്‍ണ്ണയിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുക, ജീവിത ശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക, ചിട്ടയായ പരിശോധനകള്‍ നടത്തുക, കൃത്യമായി മരുന്നു കഴിക്കുക എന്നിവയെല്ലാം വ്യക്തികളുടെ തന്നെ ഉത്തരവാദിത്വമാണ്.

ടെലിഫോണ്‍ കോള്‍, എസ് എം എസ്, കംപ്യൂട്ടറൈസ്ഡ് കൗണ്‍സിലിങ്ങ് എന്നിവ വഴി കൃത്യമായ ഓര്‍മ്മപ്പെടുത്തലുകള്‍ രോഗിക്ക് നല്‍കാന്‍ ആശുപത്രികള്‍ക്കും പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാധിക്കും, ഡോ. സജി കുരുട്ടുകുളം പറഞ്ഞു. ഡോ. ഷഫീഖ് റഹ്മാന്‍ രക്താധിസമ്മര്‍ദ്ദം സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍ അമ്പത് വര്‍ഷം മുന്‍പ് കണ്ടെത്തിയതാണെങ്കിലും രോഗവ്യാപനം തടയുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ. ഷഫീഖ് റഹ്മാന്‍ പറഞ്ഞു. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് ഇന്ന് രക്താധിസമ്മര്‍ദ്ദമുണ്ട്.രക്തസമ്മര്‍ദ്ദത്തിന്റെ നിര്‍വ്വചനവും തരംതിരിവും ഇപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയുടെ പരിധിയും കുറച്ചിരിക്കുന്നു. പക്ഷെ ര്‍ോഗത്തിന്റെ രൂപം വ്യക്തികളില്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ വ്യക്തിഗതമായ ചികിത്സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. മുതിര്‍ന്നവരില്‍ രക്തസമ്മര്‍ദ്ദ നിയന്ത്രണം കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്.ബി പി നിര്‍ണ്ണയത്തിനായി ഇന്ന് ഹോം ബിപി, ഓഫീസ് ബി പി ഇരുപത്തിനാലുമണിക്കൂറും അളക്കുന്ന ചലിക്കുന്ന ബിപി ഉപകരണം എന്നിവ ഇന്ന് പ്രചാരത്തിലുണ്ട്. രോഗിയുടെ ഉറക്കത്തിലുള്ള ബിപി വരെ പരിശോധിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ സഹായിക്കും.രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനായി എല്ലാ വ്യക്തികളിലേക്കുമെത്താന്‍ ബാര്‍ബര്‍ ഷോപ്പുകളുടെ സഹായത്തോടെ അമേരിക്കയില്‍ നടന്ന പരീക്ഷണങ്ങള്‍ വന്‍വിജയമായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നും ഡോ. ഷഫീഖ് റഹ്മാന്‍ പറഞ്ഞു.ഉറക്കത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമായ ‘ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ (ഒഎസ്എ)യുടെ വ്യാപനവും, ഭവിഷ്യത്തുകളും പ്രതിരോധ നടപടികളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഡോ. രാജേഷ് വി നേതൃത്വം നല്‍കി. ഇരുനൂറിലധികം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.