കണ്ണൂര്‍: 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ദൈവത്തെ സാക്ഷി നിര്‍ത്തിയാണ് മുന്നണികള്‍ വോട്ടെടുപ്പിനെ വരവേറ്റതെന്ന പ്രത്യേകത ഇത്തവണയുണ്ടായി.
ഇടതു വലതു മുന്നണികള്‍ക്ക് കീറാമുട്ടിയായ ഒരു വിഷയം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബി ജെ പി ചര്‍ച്ചയാക്കിയ ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഘട്ടത്തിലാണ് തുടര്‍ ഭരണത്തിനായി ഇടതുമുന്നണിയും ഭരണം കിട്ടാന്‍ ഐക്യജനാധിപത്യമുന്നണിയും ദൈവത്തെയോര്‍ത്തത്.
വിശ്വാസികളുടെ പ്രതിഷേധം കുറച്ചുകാലമായി ഉണ്ടെന്ന് വ്യക്തമാക്കിയ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വോട്ടെടുപ്പ് ചൂടിനിടയിലേക്ക് ദൈവത്തെ ആയുധമാക്കാന്‍ തുടക്കമിട്ടത്. അയ്യപ്പനും ദേവഗണങ്ങളും ജനങ്ങള്‍ക്ക് ഗുണം ചെയ്ത സര്‍ക്കാറിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള മലക്കം മറച്ചില്‍ പരാജയഭീതിയിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചതോടെ ജനവിധിയില്‍ ദൈവം ഒരു ചര്‍ച്ചയായി.
സര്‍ക്കാറിന് അയ്യപ്പ കോപമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജി സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞു. അതേസമയം ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം സി പി എമ്മിന് ലഭിക്കുമായിരുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്ലാ വിഭാഗം ജനതയ്ക്കും സുരക്ഷ നല്കിയ സര്‍ക്കാറാണെന്നും വിശ്വാസികള്‍ കൂട്ടമായി വന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന സാഹചര്യമാണെന്നും അഭിപ്രായപ്പെട്ട കോടിയേരി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നൂറിലേറെ സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് പറഞ്ഞു.
മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്നും അതിനെതിരെ ഇടതുമുന്നണി നടത്തുന്ന കടന്നുകയറ്റവും പ്രസ്താവനകളും ശരിയല്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നും അതാണ് യു ഡി എഫ് നയമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇപ്പോള്‍ ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ വോട്ടര്‍മാര്‍ കേള്‍ക്കില്ലെന്നുമായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം.
ശബരിമല വിഷയം സംബന്ധിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന അനവസരത്തിലായിപ്പോയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി. ആഗ്രഹങ്ങള്‍ വോട്ടിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്നും മാധ്യമങ്ങളിലൂടെയല്ലെന്നും വോട്ടെടുപ്പ് ദിവസത്തേക്കാള്‍ ഗുണം നേരത്തെ പറഞ്ഞിരുന്നുവെങ്കിലുണ്ടാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തെ ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രി എ കെ ബാലന് സുകുമാരന്‍ നായര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയുമെന്നും വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും ഞാന്‍ എന്റെ വഴി നോക്കാമെന്നും എ കെ ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെയെന്നും ജി സുകുമാരന്‍ പ്രതികരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയും എ കെ ബാലന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.