പ്രളയം: രക്ഷാദൗത്യത്തില്‍ അണിചേര്‍ന്നവര്‍ക്ക് ജില്ലയുടെ ആദരം

ജില്ലയിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മികച്ച സേവനം ചെയ്ത വിവിധ സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, മത്സ്യതൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ശനിയാഴ്ച കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. ശനിയാഴ്ച (ആഗസ്റ്റ് 24) രാവിലെ 11.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ ആദരിക്കുക . മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധന വിതരണം, പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പകരം പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും ചടങ്ങില്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വകുപ്പുകളെയും നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയ സേനാ വിഭാഗങ്ങെളയും മത്സ്യതൊഴിലാളികള്‍, വീ ആര്‍ റെഡി, ഡൈവേഴ്സ് യൂനിയന്‍, കയാക്കിങ്ങ് ടീം, കമ്മ്യുണിറ്റി റസ്‌ക്യു ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ സ്തുത്യര്‍ഹമായ നിലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയുമാണ് ആദരിക്കുന്നത്.
ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജീവനക്കാര്‍, വിവിധ സേനാ വിഭാഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ചേംബറില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്ന് പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്സി, സബ്കലക്ടര്‍ ആസിഫ് കെ യൂസഫ്, അഡീഷണല്‍ എസ്പി വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related Posts