ഇരിട്ടി താലൂക്കിലെ ആദിവാസി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് ഇനി അന്ത്യോദയ അന്നയോജനയുടെ ആനുകൂല്യം ലഭിക്കും. മുന്‍ഗണനേതര റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം കുടുംബങ്ങളെയാണ് അന്ത്യോദയ വിഭാഗത്തിലേക്ക് മാറ്റിയത്. ഇതിന്റെ ഭാഗമായി പുതിയ റേഷന്‍കാര്‍ഡിന്റെ വിതരണം ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു. ഇരിട്ടി താലൂക്കിലെ 220 കുടുംബങ്ങളെയാണ് എഎവൈ വിഭാഗത്തിലേക്ക് മാറ്റിയത്. ഇതില്‍ ഇരുന്നൂറോളം കുടുംബങ്ങളും ആറളം ഫാമിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ്. എഎവൈ കാര്‍ഡില്‍ ഉള്‍പ്പെട്ടതോടെ ഇനിമുതല്‍ ഈ കുടുംബങ്ങള്‍ക്കും 35 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി ലഭിക്കും.
ജില്ലയിലെ മുന്‍ഗണന കാര്‍ഡില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.