കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ സമൂഹത്തിന് പ്രധാന പങ്ക്: മുഖ്യമന്ത്രി

ബാലപീഢനത്തിനെതിരെ ദേശീയതല ബൈക്ക് റാലി ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
KANNURONLIVE NEWS DESK

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, പൊതുസമൂഹത്തിനും പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലാവകാശ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേര്‍ന്ന് സംഘടിപ്പിച്ച മഹാ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലാഖമാരെ പോലെ കാണേണ്ട കുഞ്ഞുങ്ങളോട് മനുഷ്യത്വരഹിതമായാണ് ചിലര്‍ പെരുമാറുന്നത്. പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കും കിനാവുകള്‍ക്കും പിറകെ നടക്കേണ്ട ബാല്യം ചിലയിടങ്ങളിലെങ്കിലും മുതിര്‍ന്നവരുടെ ക്രൂരതയാല്‍ ഞെരിച്ചമര്‍ത്തപ്പെടുകയാണ്. ഇത് മനുഷ്യത്വത്തിനും സംസ്‌ക്കാരത്തിനും ചേര്‍ന്നതല്ല. ആഹ്ലാദപൂര്‍ണമായ കുട്ടിക്കാലം ഓരോ കുട്ടിയുടെയും അവകാശമാണ്. അത് സകല നന്മകളോടും വിശുദ്ധിയോടും കൂടി അനുഭവിക്കാനും ആസ്വദിക്കാനും കുട്ടികള്‍ക്ക് അവസരമുണ്ടാവണം. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമത്തിന്റെ വഴി മാത്രം നോക്കിയാല്‍ പോരാ. ശക്തമായ ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖം പ്രത്യാശയുടെ അടയാളമാണ്. ആ പ്രത്യാശയെ ഞെരിച്ചുകളയാന്‍ അനുവദിച്ചുകൂടാ. ഇക്കാര്യത്തില്‍ ശക്തമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പിന് സര്‍ക്കാര്‍ രൂപം നല്‍കിയതും അതിന്റെ പ്രാധാന്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഏതൊരു ജനതയുടെയും സംസ്‌ക്കാരത്തിന്റെ പ്രതിഫലനമാണ്. അല്ലാത്ത സമൂഹം അപരിഷ്‌കൃതമായി വിലയിരുത്തപ്പെടും. കുട്ടികളുടെ മുഖത്ത് ചെറിയ മ്ലാനത കാണുമ്പോള്‍ പോലും അതിന്റെ കാരണത്തെ കുറിച്ചന്വേഷിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തന്നെ നടത്തുന്ന അന്വേഷണം വലിയ ദുരന്തത്തില്‍ നിന്നു അവരെ രക്ഷപ്പെടുത്താന്‍ സഹായകമായേക്കും. ശരീരത്തില്‍ പരിക്കുകള്‍ കാണുമ്പോള്‍ അന്വേഷിക്കുന്നതു പോലെ മനസ്സിന്റെ മുറിവുകള്‍ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമങ്ങള്‍ക്കും നിയമപാലന സംവിധാനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പം സമൂഹത്തിന്റെ കരുതലും കൂടി ഉണ്ടാവണം. എങ്കില്‍ മാത്രമേ ബാലാവകാശ സംരക്ഷണം യാഥാര്‍ഥ്യമാവുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന ചടങ്ങില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍, എന്‍സിസി അഡീഷനല്‍ ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബി ജി ഗില്‍ഗാഞ്ചി, എന്‍സിസി കമാന്റിംഗ് ഓഫീസര്‍ കേണല്‍ ജോസ് എബ്രഹാം, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് കുമാര്‍, ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. എം പി ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എം പി അബ്ദുറഹിമാന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ പി ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാനൂറോളം റൈഡേഴ്‌സ് അണിനിരക്കുന്ന ബൈക്ക് റാലി കോഴിക്കോട് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയ്ക്കല്‍ ചങ്കുവെട്ടി രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. ഇന്ന് (സപ്തംബര്‍ 14) രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജ്, മൂന്നിന് ആലപ്പുഴ ബീച്ച്, ആറിന് കൊല്ലം ബീച്ച്, നാളെ രാവിലെ 9.30 ന് തിരുവനന്തപുരം ചാല ഗവ. ഹൈസ്‌കൂള്‍ എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു സ്വീകരണ പരിപാടികള്‍. 15 ന് കന്യാകുമാരിയില്‍ സമാപിക്കുന്ന ആദ്യഘട്ട റാലിക്കു ശേഷം കാശ്മീര്‍ വരെ നീളുന്ന രണ്ടാം ഘട്ട റാലിയും നടത്തും.

 

Related Posts