കേരളത്തിലെ ദസറ എന്നറിയപ്പെടുന്ന കണ്ണൂര്‍ നവരാത്രി ഉല്‍സവ ആഘോഷങ്ങള്‍ പ്ലാസ്റ്റിക്ക്, ഡിസ്പോസിബിള്‍ അജൈവ വസ്തുക്കള്‍ ഒഴിവാക്കി പൂര്‍ണമായി ഹരിത ചട്ടങ്ങള്‍ പാലിച്ചു നടത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. നവരാത്രി ആഘോഷങ്ങള്‍ ആകര്‍ഷമാക്കാന്‍ നഗരത്തിലെ വ്യാപാരി-വ്യവസായികളടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ക്കും.
കഴിഞ്ഞ വര്‍ഷം തെക്കി ബസാറിലെ കാഞ്ചി കാമാക്ഷിയമ്മന്‍ കോവില്‍ ഹരിത പെരുമാറ്റ ചട്ടപ്രകാരമായിരുന്നു നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപനങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ എര്‍പ്പെടുത്താനും സ്ഥാപനങ്ങള്‍ ശുചീകരിക്കാനും തീരുമാനിച്ചു. നവരാത്രി ഉത്സവത്തില്‍ ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഒഴിവാക്കും. ഭക്തര്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നതിനുള്ള കൗണ്ടറുകള്‍ എല്ലാ കോവിലുകളിലും സ്ഥാപിക്കും. ആഘോഷങ്ങളില്‍ മികച്ച രീതിയില്‍ ഹരിത പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുകയും സമ്പൂര്‍ണ ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന ക്ഷേത്രത്തിന് ജില്ലാ കലക്ടറുടെ പ്രത്യേക ഉപഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഇനിയങ്ങോട്ടുള്ള എല്ലാ ആഘോഷ പരിപാടികളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
സപ്തംബര്‍ 20ന് വൈകിട്ട് മൂന്നു മണിക്ക് പോലീസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഡിടിപിസി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. നഗരത്തിലെ എല്ലാ കോവിലുകളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന് അസി.കോ-ഓര്‍ഡിനേറ്റര്‍ കെ ആര് അജയകുമാര്‍, കണ്ണൂര്‍ കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഹമ്മദ് ബഷീര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്പെക്ടര്‍ ഗിരീഷ്, വിവിധ കോവിലുകളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.