ശുചിത്വ നിലവാരം: വിദഗ്ധ സംഘം 30 നകം സ്കൂളുകള്‍ സന്ദര്‍ശിക്കും
ജില്ലയിലെ സ്കൂളുകളില്‍ ശുചിത്വ നിലവാരം മെച്ചപ്പെടുത്താന്‍ സപ്തംബര്‍ 30 നുള്ളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്താന്‍ നിര്‍ദേശം. സ്കൂളുകളിലെയും ഘടക സ്ഥാപനങ്ങളിലെയും ശൗചാലയങ്ങള്‍ പരിശോധിക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്തില്‍ നടന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം. എ ഇ ഒമാരുടെ നേതൃത്വത്തില്‍ ബ്ലോക്ക്തല എഞ്ചിനീയര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമാണ് സംഘത്തിലുണ്ടാവുക.
ആദ്യഘട്ടത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂളുകളിലും ശേഷം പ്രൈമറി, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലും പരിശോധന നടത്തും. സ്കൂള്‍ ശൗചാലയങ്ങളിലെ ശോചനീയവസ്ഥയെക്കുറിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ശൗചാലയങ്ങള്‍ വൃത്തിഹീനമായി കൈകാര്യം ചെയ്യുന്നത് പെണ്കുട്ടികളടക്കമുള്ളവരില് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാനുപാതികമായി ശൗചാലയങ്ങളുണ്ടോ, ശൗചാലയങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടോ, പെണ്‍കുട്ടികളുടെ ശൗചാലയങ്ങള്‍ സ്ത്രീ സൗഹൃദമാണോ, ഭിന്ന ശേഷി സൗഹൃദ ശൗചാലയങ്ങളുണ്ടോ, ശൗചാലയം വൃത്തിയാക്കാന്‍ സംവിധാനമുണ്ടോ തുടങ്ങി ഇരുപതിലധികം ഘടകങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധനയ്ക്ക് ശേഷം ഒക്ടോബര്‍ അഞ്ചിനുള്ളില്‍ ബന്ധപ്പെട്ട മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒക്ടോബര്‍ 10 ന് വീണ്ടും യോഗം ചേരും. ഈ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ ആധുനിക ശുചിത്വ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ശൗചാലയങ്ങള്‍ മെച്ചപ്പെട്ടതാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, ഡി എം ഒ ഡോ. നാരായണ നായ്ക്ക്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഇ എന്‍ സതീഷ് ബാബു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.