കണ്ണൂരിലെ 1841 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ്

KANNURONLIVE NEWS DESK

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 1857 ബൂത്തുകളില്‍ 1841 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. അക്ഷയ എന്റര്‍പ്രൊണേര്‍സ് ആണ് ഓപ്പറേറ്റേഴ്‌സിനെ നിയമിക്കുന്നത്. ബിഎസ്എന്‍എല്‍ കവറേജ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത 16 ബൂത്തുകളില്‍ ലൈവ് വീഡിയോ കവറേജും സജ്ജീകരിക്കും.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുന്നത്. 100 ഓളം വ്യൂവിംഗ് സൂപ്പര്‍വൈസര്‍മാരും ബി എസ് എന്‍ എല്‍, കെ എസ് ഇ ബി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകും. ഓരോ ബൂത്തുകളിലും അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും തത്സമയം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഒന്ന് വീതം ഫീല്‍ഡ് ഓപ്പറേറ്റര്‍മാരെയാണ് വെബ്കാസ്റ്റിംഗിനായി നിയോഗിക്കുന്നത്. ഇതിന് പുറമെ റിസര്‍വായി 50 ഓളം പേരെയും നിയമിക്കും. കൂടാതെ ബിഎസ്എന്‍എല്‍, കെഎസ്ഇബി ജീവനക്കാരെയും വെബ്കാസ്റ്റിംഗ് സഹായത്തിനായി നിയോഗിക്കുന്നുണ്ട്.

ഒരു നിയമസഭ മണ്ഡലത്തില്‍ രണ്ട് വാഹനങ്ങള്‍ എന്ന നിലയില്‍ 22 വാഹനങ്ങളും വെബ് കാസ്റ്റിംഗിനായി ഒരുക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്ന പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നതിന് റോഡുകളില്‍ കുഴിയെടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 24 വരെയാണ് നിരോധനം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കേബിളുകള്‍ മുറിഞ്ഞ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

 

Related Posts