മഴക്കെടുതി: കണ്ണൂരിലുണ്ടായത് കോടികളുടെ നാശനഷ്ടം

KANNURONLIVE NEWS DESK

വീടുകള്‍ പൂര്‍ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു

കണ്ണൂരില്‍ ഒന്‍പത് പേരുടെ ജീവനെടുത്ത ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായത് കോടികളുടെ നാശനഷ്ടങ്ങള്‍. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഇരിട്ടി താലൂക്കിലുള്‍പ്പെടെ ജില്ലയില്‍ 133 വീടുകള്‍ പൂര്‍ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്കുകള്‍. ഇരിട്ടിയില്‍ മാത്രം 86 വീടുകള്‍ മുഴുവനായും 1024 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളം പൂര്‍ണമായി ഇറങ്ങിയ ശേഷം മാത്രമേ വാസയോഗ്യമല്ലാതായ വീടുകളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാവുകയുള്ളൂ എന്ന വിലയിരുത്തലിലാണ് അധികൃതര്‍.
പതിനായിരത്തിലേറെ വീടുകളില്‍ വെള്ളംകയറി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസങ്ങളിലണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ മാത്രം 10,164 വീടുകളില്‍ വെള്ളംകയറി. ഇവയില്‍ 9000ത്തിലേറെ വീടുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. പ്രളയം ബാധിച്ച 1242 കടകളില്‍ ആയിരത്തിലേറെ കടകള്‍ ശുചീകരിച്ചു. ജില്ലയിലെ പതിനായിരത്തോളം കിണറുകളാണ് പ്രളയത്തെ തുടര്‍ന്ന് മലിനമായത്. ഇവയില്‍ പകുതിയോളം ഇതിനകം വൃത്തിയാക്കി. 120 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറി. റോഡുകളും പാലങ്ങളും തകര്‍ന്നുതദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 839 റോഡുകള്‍ക്കു പുറമെ നൂറിലേറെ പാലങ്ങളെയും കലുങ്കുകളെയും പ്രളയം ബാധിച്ചു. ഇവയില്‍ 133 റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നു. അമ്പതിലേറെ റോഡുകള്‍ താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവയുടെ നഷ്ടത്തിന്റെ തോത് കണക്കാക്കി വരുന്നതേയുള്ളൂ. ഇതിനു പുറമെ, കണ്ണൂര്‍ കോര്‍പറേഷനില്‍ 22 കിലോമീറ്ററോളം റോഡുകളും രണ്ട് കള്‍വര്‍ട്ടുകളും മഴയില്‍ തകര്‍ന്നു. തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ 37 കിലോമീറ്റര്‍ റോഡ്, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ 60 കിലോമീറ്റര്‍ റോഡ്, ഒരു കള്‍വേര്‍ട്ട്, ഒരു തൂക്കുപാലം എന്നിവ തകര്‍ന്നു. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ നാല് കിലോമീറ്റര്‍ റോഡ് പൂര്‍ണമായും 26 കിലോമീറ്റര്‍ ഭാഗികമായും പയ്യന്നൂര്‍ നഗരസഭയില്‍ 10 കിലോമീറ്റര്‍ റോഡ് ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 60 റോഡുകളും പ്രളയത്തില്‍ തകര്‍ന്നു. നാല്‍പതോളം സ്ഥലങ്ങളില്‍ കള്‍വേര്‍ട്ടുകള്‍, ഓവുചാലുകള്‍, പാര്‍ശ്വഭിത്തികളും തകര്‍ന്നിട്ടുണ്ട്. 25.2 കോടി രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡുകള്‍ക്ക് മാത്രം സംഭവിച്ചത്.

50 കോടിയുടെ കൃഷി നശിച്ചു

ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ 49.67 കോടിയുടെ കൃഷി നാശനഷ്ടമാണ് ജില്ലയിലെ കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്നത്. 1083 ഹെക്ടര്‍ നെല്‍കൃഷി ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കേളകം, കണിച്ചാര്‍, മയ്യില്‍, ഉദയഗിരി, തൃപ്പങ്ങോട്ടൂര്‍, കുന്നോത്ത്പറമ്പ്, ആലക്കോട് എന്നീ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം നഗരസഭയിലുമാണ് ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായിരിക്കുന്നത്. കൃഷി വകുപ്പിന്റെ അധീനതയിലുള്ള ജില്ലാ കൃഷി തോട്ടത്തിലും കാങ്കോല്‍ സ്റ്റേറ്റ് സീഡ് ഫാമിലും ഒരോ ഹെക്ടര്‍ വീതം നെല്‍കൃഷിയുടെയും വേങ്ങാട് സ്റ്റേറ്റ് സീഡ് ഫാമില്‍ 3.3 ഹെക്ടര്‍ കൃഷിയും നശിച്ചു. 8688 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ 64.22 ലക്ഷം രൂപയുടെ നാശനഷ്ടവും ജില്ലയിലുണ്ടായി. ഇരിട്ടി, ചുങ്കക്കുന്ന്, പാപ്പിനിശ്ശേരി, കൂട്ടുപുഴ, ശ്രീകണ്ഠാപുരം, അഞ്ചരക്കണ്ടി മേഖലകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. 24 കന്നുകാലികള്‍, 64 ആട്, 13,680 കോഴികള്‍ എന്നിവക്ക് പ്രളയത്തില്‍ ജീവന്‍ നഷ്ടമായി. 101 തൊഴുത്തുകള്‍, കാലിതീറ്റകള്‍, ബൈയോഗ്യാസ് പ്ലാന്റുകള്‍, കറവയെന്ത്രങ്ങള്‍, പിറ്റുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിച്ചവയില്‍ ഉള്‍പ്പെടുന്നു.

വ്യവസായ രംഗത്ത് 50 കോടിയുടെ നഷ്ടം 

ജില്ലയിലെ 116 ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായത്. 50.66 കോടി രൂപ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് മഴയെ തുടര്‍ന്ന് 36 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ജില്ലയിലെ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുപ്പതിലേറെ ഫാക്ടറികള്‍ക്കും ഗണ്യമായ നാശനഷ്ടങ്ങളുണ്ടായി. ഇതിനു പുറമെ, നിരവധി കടകള്‍ക്കും ഗണ്യമായ നാശനഷ്ടങ്ങളുണ്ടായി. 462 വാണിജ്യ സ്ഥാപനങ്ങള്‍ പ്രളയത്തില്‍ നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 55.84 കോടിയുടെ നഷ്ടമാണ് ഈ മേഖലയില്‍ കണക്കാക്കപ്പെടുന്നത്.

കെഎസ്ഇബിക്ക് 14 കോടിയുടെ നഷ്ടം

കെഎസ്ഇബിക്ക് കണ്ണൂര്‍, ശ്രീകണ്ഠാപുരം സര്‍ക്കിളുകളിലായി 14 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തോളം തൂണുകള്‍, 22,000ത്തിലേറെ കിലോമീറ്റര്‍ ഇലക്ട്രിക് ലൈനുകള്‍, 100ലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. രണ്ടായിരത്തിലേറെ വൈദ്യുത തൂണുകളാണ് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്.

പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും കരകള്‍ ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. 17.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുമെന്നാണ് പ്രാഥമിക നിഗമനം. തലായി, അഴീക്കല്‍ ഹാര്‍ബറുകളില്‍ 80 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. തീരദേശ റോഡുകള്‍ തകര്‍ന്ന് 29 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.  ജില്ലയില്‍ ചെറുകിട ജലസേചനവിഭാഗവുമായി ബന്ധപ്പെട്ട് 1.28 കോടിയുടെ നാശനഷ്ടങ്ങളും കണക്കാക്കിയിട്ടുണ്ട്.

Related Posts