പാപ്പിനിശ്ശേരി തുരുത്തിയിലെ അറവുശാലാ മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം ജനകീയ സമിതിയുടെ നിരീക്ഷണത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം.
പ്രദേശവാസികള്‍ മാലിന്യ പ്ലാന്റിന് എതിരല്ലെന്നും എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള ആശങ്കകള്‍ അകറ്റണമെന്നും കെ എം ഷാജി എംഎല്‍എ പറഞ്ഞു. നേരത്തേ അറവു മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്ക്കരിക്കാതെ റോഡരികുകളിലും പുഴകളിലും മറ്റും നിക്ഷേപിക്കുന്ന സ്ഥിതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. പ്ലാന്റിന്റെ വരവോടെ അത് വലിയൊരളവില്‍ ഇല്ലാതായി എന്നത് നാട്ടുകാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഉല്‍സവ സീസണില്‍ അറവുമാലിന്യങ്ങള്‍ വലിയ തോതില്‍ പ്ലാന്റിലെത്തിയതാണ് പ്രവര്‍ത്തനം താളം തെറ്റാനുള്ള പ്രധാന കാരണം. നിലവില്‍ ദിവസം 10 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. എന്നാല്‍ ആഘോഷനാളുകളിലും മറ്റും ഇതില്‍ കൂടുതല്‍ മാലിന്യം പ്ലാന്റിലെത്തുന്ന സ്ഥിതിയുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് മുന്കരുതലുണ്ടാവണമെന്നും എംഎല്‍എ വ്യക്തമാക്കി.
മാലിന്യസംസ്ക്കരണം നാട്ടുകാരുടെ പൊതുവായ പ്രശ്നമാണെന്നും അത് ശാസ്ത്രീയമായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങളുടെ സാങ്കേതിക മികവ് വര്‍ധിപ്പിക്കണം. ഇത്തരം മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും മുന്‍കൈയില്‍ വേണം പ്രവര്‍ത്തിക്കാന്‍. പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്നും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സംഘം പ്ലാന്റ് സന്ദര്‍ശിക്കും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനം പുനരാരംഭിക്കുക.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്സി, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്ലാന്റ് അധികൃതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.