തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതില്‍ മാധ്യമ പങ്ക്
നിര്‍ണായകം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പരസ്യങ്ങളും വാര്‍ത്തകളും മറ്റും നല്കുമ്പോള് അവ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് ഉറപ്പുവരുത്താന്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നല്ല രീതിയിലുള്ള പ്രചാരണം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ടിവി ചാനലുകള്‍, കേബിള്‍ ടിവി, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ നല്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ എംസിഎംസിയുടെ അംഗീകാരമുള്ളവയാണെന്ന് ഉറപ്പുവരുത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാവണം. പ്രത്യേക ഫോര്‍മാറ്റിലുള്ള എംസിഎംസി അംഗീകാര പത്രമില്ലാത്ത പരസ്യങ്ങള്‍ സ്വീകരിക്കരുത്. നല്കുന്ന പരസ്യങ്ങളില്‍ എംസിഎംസി അംഗീകാരമുള്ളത് എന്ന് എഴുതിക്കാണിക്കണം. നിയമവിരുദ്ധമായി നല്കുന്ന പരസ്യങ്ങള്‍ കണ്ടെത്താന്‍ ഇത് സഹായകമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നല്കുന്ന പരസ്യങ്ങളെ കുറിച്ച് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ സത്യവാങ്മൂലം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ എംസിഎംസി നിരീക്ഷിക്കുക. പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലെ ഉള്ളടക്കം നിയമവിരുദ്ധമോ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമോ അല്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പരസ്യങ്ങള്‍ നല്കുന്നവര്ക്കും അവ പ്രസിദ്ധീകരിക്കുന്നവര്ക്കുമുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടങ്ങള് പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പിവിസി ഫഌ്സുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. ഫഌ്സ് പ്രിന്റ് ചെയ്യുന്ന യന്ത്രം ഉപയോഗിച്ച് തന്നെ പ്രകൃതിസൗഹൃദ വസ്തുക്കളില്‍ പ്രിന്റ് ചെയ്യാനുള്ള സൗകര്യം കണ്ണൂരിലുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ അര്ജുന് പാണ്ഡ്യന്, എംസിഎംസി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, ചെലവ് നിരീക്ഷണവിഭാഗം നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ പി വി നാരായണന്, വിവിധ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.