മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു

മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍

സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാല്‍ ഇപ്പോള്‍ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തി താരമായിരുന്നു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു, കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍. പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണന്‍ ഗോപിനാഥനെ രാജി വാര്‍ത്ത സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

Related Posts