കെ സുധാകരന്‍ പത്രിക നല്‍കി

KOL NEWS DESK

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായി കെ സുധാകരന്‍  റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ പാറക്കണ്ടി സ്വദേശിയായ സുധാകരന്‍  കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടറാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും മംഗലാപുരം സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത. സുധാകരന്റെ കൈവശം 7,200 രൂപയും പങ്കാളിയുടെ കൈവശം 5,400 രൂപയും ആശ്രിതന്റെ കൈവശം 2,700 രൂപയുമുണ്ട്. സുധാകരന്റെ പേരില്‍ എസ് ബി ഐ കണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച്, സിന്റിക്കേറ്റ് ബാങ്ക് കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച്, പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്ണൂര്‍ ബ്രാഞ്ച്, ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് കണ്ണൂര്‍ ബ്രാഞ്ച്, തലശ്ശേരി ജില്ലാ ട്രഷറി എന്നിവിടങ്ങളിലായി 3,59,986 രൂപയുടെ നിക്ഷേപവും 1,38,000 രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വര്‍ണ്ണവുമുള്‍പ്പെടെ 5,05,186 രൂപയുടെയും ഭാര്യയുടെ പേരില്‍ എസ്ബിഐ കണ്ണൂര്‍ ബ്രാഞ്ച്, ജില്ലാ സഹകരണ ബാങ്കിന്റെ എടക്കാട് ബ്രാഞ്ച്, സബ് ട്രഷറി കണ്ണൂര്‍ എന്നിവിടങ്ങളിലായി 2080895 രൂപയും 5,75,000 വിലമതിക്കുന്ന 200 ഗ്രാം സ്വര്‍ണ്ണവുമുള്‍പ്പെടെ 44,56,603 രൂപയുടെയും ആശ്രിതന്റെ പേരില്‍ 34,500 രൂപയുടെ സ്വര്‍ണ്ണമുള്‍പ്പെടെ 37,415 രൂപയുടെയും ജംഗമ ആസ്തിയുമുണ്ട്.  സ്വന്തം പേരില്‍ 1,87,00,000 രൂപയുടെയും ഭാര്യയുടെ പേരില്‍ 80,00,000 രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്. ഭവന വായ്പ, വിദ്യാഭ്യാസ വായപ എന്നിവയായി സുധാകരന്റെ പേരില്‍ 68,32,136 രൂപയുടെ ബാങ്ക് വായ്പയും പങ്കാളിയുടെ പേരില്‍ 6,36,496 രൂപയുടെ വാഹന വായ്പയും നിലവിലുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കെ സുധാകരന്‍ കലക്ടറേറ്റിലെത്തി പത്രിക നല്‍കിയത്. കെ സി ജോസഫ് എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ, സതീശന്‍ പാച്ചേനി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, എന്നിവര്‍ കൂടെയുണ്ടായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏര്യം സ്വദേശി ശ്രീമതിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഏപ്രില്‍ 4 വൈകിട്ട് മൂന്ന് മണിയാണ്. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാം.

 

Related Posts