എംപി ലാഡ്സ് പദ്ധതി പുരോഗതി വിലയിരുത്തി
എംപിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സിവില്‍ പ്രവൃത്തികളും വൈദ്യുതീകരണ പ്രവൃത്തികളും ഒരുമിച്ചു നടത്തണമെന്ന് കെ കെ രാഗേഷ് എംപി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന എംപി ലാഡ്സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷമാണ് വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ ആരംഭിക്കുന്നത്. ഇത് പദ്ധതി നിര്‍വഹണത്തില്‍ വലിയ കാലതാമസം സൃഷ്ടിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ വയറിംഗ് ചെയ്യുന്നതിന് ചുവരുകള്‍ കുത്തിപ്പൊളിക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ മാറ്റം വരണം. സിവില്‍ വര്‍ക്കുകള്‍ക്കൊപ്പം തന്നെ വൈദ്യുതീകരണ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതിയും വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കണം. രണ്ടു പ്രവൃത്തികളും ഒന്നിച്ചു പൂര്‍ത്തിയാവുന്ന സ്ഥിതിയുണ്ടാവണം. ഇക്കാര്യത്തില്‍ എഞ്ചിനീയര്‍മാരും നിര്‍വഹണ ഉദ്യോഗസ്ഥരും പ്രത്യേക താല്പര്യം കാണിക്കണമെന്നും എംപി പറഞ്ഞു.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിണറായിയില്‍ നിര്‍മിക്കുന്ന ബാലഭവന്റെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്ന് യോഗം വിലയിരുത്തി. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് എംപി നിര്‍ദ്ദേശം നല്കി.
2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21.04 കോടി രൂപയുടെ 194 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഇതില്‍ 11.53 കോടിയുടെ 140 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ള പ്രവൃത്തികള്‍ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണെന്നും യോഗം വിലയിരുത്തി. ലഭ്യമായ ഫണ്ടിന്റെ 89.38 ശതമാനം ഇതിനകം ചെലവഴിച്ചതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.