കണ്ണൂര്‍: കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകല്‍ 12 മുതല്‍ മൂന്ന് മണി വരെ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുളള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് ലംഘിച്ച രണ്ട് നിര്‍മ്മാണ സ്ഥാപനങ്ങളുടെ എല്ലാ പ്രവൃത്തികളും നിര്‍ത്തിവെപ്പിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) ഉത്തരവ് നല്കി. ശ്രീറോഷ് ഡവലപ്പേഴ്സിന്റെ ഉടമസ്ഥതയില്‍ തളാപ്പിലുളള അപ്പാര്‍ട്ട്മെന്റ് ബില്‍ഡിംഗിന്റെയും സജിത്ത് കുമാറിന്റെ ഉടമസ്ഥതയില്‍ പൊടിക്കുണ്ടിലുളള കൊമേഴ്സ്യല്‍ ബില്‍ഡിംഗിന്റെയും പ്രവൃത്തികളാണ് നിര്‍ത്തിവെപ്പിച്ചത്. മധ്യാഹ്ന ജോലി പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ബേബി കാസ്ട്രോ, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ കരുണാകരന്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അവിനാഷ് സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും സ്ക്വാഡ് പരിശോധന തുടരുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.