ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശത്തുനിന്നു നേരിട്ടുള്ള മുതല്‍ മുടക്ക് (എഫ്ഡിഐ) പരിധി 74% ആയി ഉയര്‍ത്തുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ് അവഗണിച്ചാണു ബില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. കഴിഞ്ഞ 18നു രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. ഇതോടെ ബില്‍ നിയമമാകാന്‍ വഴിയൊരുങ്ങി. നിലവില്‍ മേഖലയിലെ വിദേശ നിക്ഷേപ പരിധി 49% ആണ്. വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപം ഇന്‍ഷുറന്‍സ് മേഖലയ്ക്ക് അനിവാര്യമാണെന്ന് ബില്‍ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ അധിക ഫണ്ട് കണ്ടെത്താന്‍ ഇന്‍ഷുറന്‍സ് മേഖലയിലുള്ളവരെ ഇതു സഹായിക്കും. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും; സ്വകാര്യ മേഖലയിലുള്ളവ ഫണ്ട് സ്വന്തം നിലയില്‍ കണ്ടെത്തണം. ധൃതി പിടിച്ചുള്ള നിയമനിര്‍മാണമല്ല ഇത്. ഇന്‍ഷുറന്‍സ് നിയന്ത്രണ, വികസന അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.