ഹൈടെക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടര്‍മാര്‍ക്കായി വിവിധ ആപ്പുകള്‍

KOL NEWS DESK

കണ്ണൂര്‍: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിനും വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനുമായി വിവര സാങ്കേതികവിദ്യാധിഷ്ഠിതമായ വിവിധ സേവനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാനുള്ള വോട്ടര്‍ ഹെല്‍പ് ലൈന്‍, പെരുമാറ്റച്ചട്ട സംഘനങ്ങള്‍ അധികാരികളെ അറിയിക്കാനുള്ള സിവിജില്‍, ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന പിഡബ്ലുഡി എന്നീ മൊബൈല്‍ ആപ്പുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.

 വോട്ടര്‍ വിവരങ്ങളറിയാന്‍ വിവിഐപി

പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് വോട്ടര്‍ വെരിഫിക്കേഷന്‍ ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രം അഥവാ വിവിഐപി. വോട്ടര്‍പട്ടിക സംബന്ധിച്ച ഏത് വിവരങ്ങള്‍ക്കും 1950 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇതിന് പുറമെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് കേന്ദ്രീകരിച്ച് 18004251965 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.  വോട്ടര്‍പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും, പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനുമായി വോട്ടര്‍ഹെല്‍പ് ലൈന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. ബൂത്ത് മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനും, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും വോട്ടര്‍ ഹെല്‍പ് ലൈനിലൂടെ സാധിക്കും.

ചട്ടലംഘനങ്ങള്‍ അറിയിക്കാന്‍ സിവിജില്‍ 

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷന്‍ തയ്യാറാക്കിയ ആപ്പാണ് വിജിലന്‍സ് സിറ്റിസണ്‍ (സിവിജില്‍)ആപ്പ്. ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങളോ രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയോ പകര്‍ത്തി സിവിജില്‍ ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. മറ്റു വ്യക്തിപരമായ പരാതികള്‍ സ്വീകരിക്കുന്നതല്ല.

ഭിന്നശേഷിക്കാര്‍ക്കായി പിഡബ്ല്യുഡി

ആപ്പ്തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച സുപ്രധാന സംരംഭമാണ് പിഡബ്ല്യുഡി മൊബൈല്‍ ആപ്പ്. ഭിന്നശേഷിക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിനും ഈ ആപ്പിലൂടെ സാധിക്കും. ഇതിനായി ആപ്പില്‍ പിഡബ്ല്യുഡി വോട്ടറാണെന്ന് ഭിന്നശേഷിക്കാര്‍ ആദ്യം മാര്‍ക്ക് ചെയ്യണം. ആപ്പിലെ ബൂത്ത് ലൊക്കേറ്ററില്‍ വോട്ടര്‍ ഐഡി നമ്പര്‍ ടൈപ്പ് ചെയ്താല്‍ ബൂത്തിന്റെ ലൊക്കേഷന്‍ അറിയാനാകും. ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എളുപ്പത്തില്‍ രേഖപ്പെടുത്താവുന്നതാണ്. വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സേവനവും ആപ്പ് വഴി ലഭ്യമാക്കാനാവും.

 

 

Related Posts