വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം: 18 വരെ അപേക്ഷിക്കാം

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഈ സംവിധാനം. വാഹന സൗകര്യമാവശ്യമുള്ള ഭിന്നശേഷിക്കാര്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഫോണ്‍ മുഖാന്തിരം ഏപ്രില്‍ 18 വരെ രജിസ്റ്റര്‍ ചെയ്യേണ്ടത്.  ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ we are kannur എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, പോളിംഗ് സ്‌റ്റേഷന്‍, വാഹനം എത്തേണ്ട സ്ഥലം എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് അറിയിക്കേണ്ടതാണ്. ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ അറിയിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അവരെ വാഹനത്തില്‍ പോളിംഗ് സ്റ്റഷനുകളിലെത്തിക്കുകയും വോട്ട് ചെയ്തതിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് വാഹനം സൗകര്യം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രില്‍ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, അഖില കേരള വികലാംഗ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts