ഗോ എയര്‍ നാളെ മുതല്‍ കണ്ണൂരില്‍ നിന്നും കുവൈത്തിലേക്ക് പറക്കും

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്ക് നാളെ (വ്യാഴം) മുതല്‍ ഗോ എയര്‍ പറന്നു തുടങ്ങും. രാവിലെ ഏഴ് മണിക്ക് ഗോ എയറിന്റ എയര്‍ ബസ് എ 320 വിമാനമാണ് ആദ്യ യാത്രക്കാരുമായി പുറപ്പെടുക. കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേ വിമാനം രാവിലെ പത്തരക്ക് തിരിച്ച് കണ്ണൂരില്‍ ആറിന് എത്തിച്ചേരും. എല്ലാ ചാര്‍ജ്ജുകളുമുള്‍പ്പെടെ 6,999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കാുന്നത്. ആദ്യ സര്‍വ്വീസിലെ മുഴുവന്‍ സീറ്റുകളും വിറ്റുതീര്‍ന്നു. വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസ് മുഖ്യാതിഥിയായിരിക്കും.

 

 

മസ്‌ക്കത്ത്, അബുദബി, ദുബായ് എന്നീ കേന്ദ്രങ്ങള്‍ക്ക് പിന്നാലെ കുവൈത്തിലേക്ക് കൂടി സര്‍വ്വീസ് ആരംഭിച്ചത് മിഡിലീസ്റ്റ് മേഖലയിലേക്ക് ഗോ എയര്‍ കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണെന്ന് ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജെ വാഡിയ, ഇന്റര്‍നാഷണല്‍ ഓപറേഷന്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത, നെറ്റ്‌വര്‍ക്ക് പ്ലാനിംഗ് വൈസ് പ്രസിഡന്റ് സാമീര്‍ പാട്ടേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

പത്തു മാസത്തിനിടെ 16 വിമാനങ്ങള്‍ സ്വന്തമാക്കിയ കമ്പനിയാണ് ഗോ എയര്‍. പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഗോ എയര്‍ രാജ്യാന്തര ഓപറേഷന്‍ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂര്‍ മാറി. ചുരുക്കിപ്പറഞ്ഞാല്‍ ഗോ എയറിന്റെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തന കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറുകയാണെന്ന് എം ഡി വാഡിയ വിശദീകരിച്ചു.

കണ്ണൂരില്‍ നിന്നും സിംഗപ്പൂരിലേക്ക് ഉടന്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗോ എയര്‍ 300 പ്രതിദിന വിമാന സര്‍വ്വീസുകള്‍ വഴി ഇക്കഴിഞ്ഞ ജൂലായ് മാസം 13.26 ലക്ഷം പേര്‍ യാത്ര ചെയ്തു.

അഹമ്മദാബാദ്, ബംഗളുരു, ഭുവനേശ്വര്‍, ചണ്ഡിഗഢ്, ചെന്നൈ, ദല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, ലേ, ലഖ്‌നൗ, കണ്ണൂര്‍, മുംബൈ, നാഗ്പൂര്‍, പറ്റ്‌ന, പോര്‍ട്ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്ക് ഗോ എയറിന് ആഭ്യന്തര സര്‍വ്വീസുകളുണ്ട്. ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഗോ എയര്‍ ഇതിനകം സര്‍വീസ് വികസിപ്പിച്ചിട്ടുണ്ടെന്നും ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി തുളസീദാസും പങ്കെടുത്തു.

Related Posts